ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട മിസ് വെനസ്വേല അനാഥയാണ്, ഒപ്പം കന്യാസ്‌ത്രീയാകണമെന്ന് ആഗ്രഹിച്ചവളും. 113 മത്‌സരാർഥികളെ പിന്തള്ളിയ ഇവിയൻ ലുനാസോൾ സർകോസ് കൊൾമിനാറെസ് എന്ന ഇരുപത്തിയൊന്നുകാരിയാണ് ജീവിതത്തിന്റെ അപ്രതീക്ഷിതവഴിത്തിരിവുകൾക്കൊടുവിൽ സൗന്ദര്യറാണിയായത്.
വളരെ ചെറുപ്പത്തിൽ ഇവിയനു മാതാപിതാക്കൾ നഷ്‌ടപ്പെട്ടു. തുടർന്ന് ഒരു കന്യാസ്‌ത്രീമഠത്തിൽ കഴിഞ്ഞാണ് അഞ്ചു വർഷത്തോളം പഠിച്ചത്. അതു കൊണ്ട് തന്നെ ഒരു കന്യാസ്‌ത്രീയാവുക എന്നതായിരുന്നു അവളുടെ മോഹവും. എന്നാൽ മാനവവിഭവശേഷിയിൽ ബിരുദം നേടിയ ഇവിയൻ ഒരു ബ്രോഡ്‌കാസ്‌റ്റിംഗ് കമ്പനിയിൽ ജോലി നേടിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഒടുവിൽ ലോകസുന്ദരിയുമായി.
പക്ഷേ, ഇവിയൻ വന്ന വഴി മറക്കുന്നില്ല. മറ്റുള്ളവരെ സഹായിക്കുക തന്നെയാണ് തന്റെ പരമപ്രധാനമായ ലക്ഷ്യമെന്ന് അവൾ പറയുന്നു. ഞാൻ ഒരു അനാഥയാണ്. എന്നെ പോലെയുള്ളവരെ സഹായിക്കാനായി ഈ പദവി ഞാൻ ഉപയോഗിക്കും. പ്രത്യേകിച്ചും ആരും ആശ്രയത്തിനില്ലാത്ത വൃദ്‌ധരെയും കൗമാരക്കാരെയും.
ലണ്ടനിൽ നടന്ന അറുപതാമത് ലോകസുന്ദരി മത്സരത്തിൽ മിസ് ഫിലിപ്പെൻസ് ഗെൻഡോലിൽ ഗാല്ലേ സാൻഡ്രൈൻ റുവൈസ് ആണ് രണ്ടാമത്. മിസ് പ്യൂട്ടോറിക്ക അമാൻഡാ വിക്‌ടോറിയ മൂന്നാം സ്‌ഥാനത്തും. മിസ് ഇന്ത്യ കനിഷ്‌ത ധാൻഖറിന് ഫൈനൽ റൗണ്ടിൽ എത്താനായില്ല.
No comments:
Post a Comment