ഫേസ്‌ബുക്ക് എന്നത് എന്തിനും ഏതിനും പ്രതികരിക്കാന്‍ മടിക്കാത്ത ഒരു
സമൂഹത്തെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ ചെറുതല്ലാത്ത ഒരു
പങ്കുവഹിക്കുന്നുണ്ട്. മരിച്ച് ചൂടുമാറും മുന്‍പേ ഒരു ബഹുമാന്യ
വ്യക്തിയെക്കുറിച്ച് യാതൊരു സാമാന്യ മര്യാദപോലും ഇല്ലാതെ പ്രതികരിക്കുന്ന
സമൂഹം.
ഫേസ്‌ബുക്ക് എന്നത് എന്തിനും ഏതിനും പ്രതികരിക്കാന്‍ മടിക്കാത്ത ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്നുണ്ട്. മരിച്ച് ചൂടുമാറും മുന്‍പേ ഒരു ബഹുമാന്യ വ്യക്തിയെക്കുറിച്ച് യാതൊരു സാമാന്യ മര്യാദപോലും ഇല്ലാതെ പ്രതികരിക്കുന്ന സമൂഹം. ഈ ഒരു കാര്യത്തിലും ഉണ്ടായ ഇടപെടലുകള്‍ കുറെയൊക്കെ അത് ശരിവയ്ക്കുന്നത് തന്നെയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയപരമായും വ്യക്തിപരമായും ആ മരണത്തെ ആഘോഷിച്ചവരാണ് നമ്മള്‍. അദേഹം ഒരു സാമൂഹ്യദ്രോഹിയോ തന്റെ മേല്‍ക്കോയ്‌മാ മനോഭാവം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന ഒരു രാഷ്ട്രീയക്കാരനോ ഒന്നുമായിരുന്നില്ല. എന്നിട്ടും മരണ ദിവസം തന്നെ ഒരാളെ അപമാനിക്കാന്‍ ശ്രമിക്കുന്നത് വളരെ കയ്യടി നേടേണ്ട ഒരു കാര്യം എന്ന് തോന്നുന്നില്ല. മതമോ അധികാരമോ ഒന്നും വകവയ്ക്കാത്ത, മരണത്തിന്റെ നിഷ്പക്ഷതയെ എത്ര പെട്ടെന്നാണ് നമ്മള്‍ പലയിടത്തും രാഷ്ട്രീയം കൊണ്ട് നേരിടുന്നത് എന്ന അത്ഭുതം മാത്രം.
ഫേസ്ബുക്ക് എന്നത് എന്തിനും ഏതിനും പ്രതികരിക്കാന്‍ മടിക്കാത്ത ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്നുണ്ട്. മരിച്ച് ചൂടുമാറും മുന്‍പേ ഒരു ബഹുമാന്യ വ്യക്തിയെക്കുറിച്ച് യാതൊരു സാമാന്യ മര്യാദപോലും ഇല്ലാതെ പ്രതികരിക്കുന്ന സമൂഹം. ഈ ഒരു കാര്യത്തിലും ഉണ്ടായ ഇടപെടലുകള്‍ കുറെയൊക്കെ അത് ശരിവയ്ക്കുന്നത് തന്നെയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയപരമായും വ്യക്തിപരമായും ആ മരണത്തെ ആഘോഷിച്ചവരാണ് നമ്മള്‍. അദേഹം ഒരു സാമൂഹ്യദ്രോഹിയോ തന്റെ മേല്‍ക്കോയ്‌മാ മനോഭാവം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന ഒരു രാഷ്ട്രീയക്കാരനോ ഒന്നുമായിരുന്നില്ല. എന്നിട്ടും മരണ ദിവസം തന്നെ ഒരാളെ അപമാനിക്കാന്‍ ശ്രമിക്കുന്നത് വളരെ കയ്യടി നേടേണ്ട ഒരു കാര്യം എന്ന് തോന്നുന്നില്ല. മതമോ അധികാരമോ ഒന്നും വകവയ്ക്കാത്ത, മരണത്തിന്റെ നിഷ്പക്ഷതയെ എത്ര പെട്ടെന്നാണ് നമ്മള്‍ പലയിടത്തും രാഷ്ട്രീയം കൊണ്ട് നേരിടുന്നത് എന്ന അത്ഭുതം മാത്രം.
വാര്‍ത്തകളെ വളച്ചൊടിക്കുന്ന പത്രങ്ങള്‍
പോലും മാന്യമായി ഒരു വിയോഗം അവതരിപ്പിക്കുമ്പോള്‍, എന്തിനും ഏതിനും
അസഹിഷ്ണുത കാണുന്ന ഒരു ജനതയുടെ പ്രതികരണങ്ങള്‍ തീര്‍ത്തും ലജ്ജാകരം എന്ന്
തോന്നിപ്പിക്കുന്നതായിരുന്നു. ഉന്നതകുലത്തില്‍ ജനിച്ചുപോയി എന്നതുകൊണ്ടും
തന്റെ പിതാമഹാന്മാര്‍ ഉണ്ടാക്കിയെടുത്തതും പിന്തുടര്‍ന്ന് പോന്നിരുന്നതുമായ
വ്യവസ്ഥിതികളില്‍ കുറച്ചെങ്കിലും ഭാഗമായി എന്നുമല്ലാതെ. അദ്ദേഹം നല്ലൊരു
മനുഷ്യനും അതിലേറെ വിദ്യാഭ്യാസവും വിവേകവും നിറഞ്ഞ മാന്യമായ ഒരു
വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. രാഷ്ട്രീയമോ കുടുംബ പാരമ്പര്യമോ
നോക്കാതെ അനുശോചനവും ആദരാഞ്ജലികളും വാരിക്കോരി കോപ്പി പേസ്റ്റ് ചെയ്യാന്‍
മടിക്കാത്ത ഫേസ്‌ബുക്ക് സമൂഹം ഒരു രാഷ്ട്രീയ നേതാവിന്റെ പ്രൊഫൈലില്‍ നിന്ന്
വ്യാപിച്ച പ്രതിഷേധ സ്വരങ്ങള്‍ വളരെ വേഗത്തില്‍ തന്നെ ശരിയെന്നും
തെറ്റെന്നും പറഞ്ഞു വടം വലിച്ചുകൊണ്ടിരുന്നു.
ഹര്‍ത്താലുകളും സമരങ്ങളും പൊതുമുതല്‍
നശിപ്പിക്കുവാനും മദ്യവും മാംസവും കൊണ്ട് ആഘോഷിക്കുവാനും കാത്തിരിക്കുന്ന
കുറെപ്പേരുടെ ഭ്രാന്തു സഹിക്കുന്നവര്‍ തന്നെ ഒരു ചെറിയ തീപ്പൊരിയെ
ആളിപ്പടത്തി വികാരം കൊണ്ടു. വഴിയെപോയവരും കണ്ടു നിന്നവരും ചത്തോടെ അങ്ങേര്,
എന്നുള്ള രീതിയില്‍ പുച്ഛം വിതറി അതില്‍ പങ്കു ചേര്‍ന്നു. വീട്ടില്‍ കയറി
രാജാവെന്നു വിളിക്കെടോ എന്ന് പറഞ്ഞു അധികാരം കാണിച്ചപോലെ ഉള്ള
പ്രതികാരഭാവങ്ങള്‍ നിറഞ്ഞ വാക്കേറുകള്‍ ഒരു മാന്യ ദേഹത്തിന്റെ മരണത്തെ
അപമാനാഞ്ജലികള്‍ കൊണ്ട് മൂടി. രാജപക്ഷം പറഞ്ഞു വാദിച്ചവരെ പുഛിച്ചും
പരിഹസിച്ചും നേരിട്ടു. വാക്കുകളില്‍ ബഹുമാനം വേണമെന്ന് പിന്തുണച്ചവരെ
നട്ടെല്ലില്ലാത്ത രാജഭക്തര്‍ ആയി മുദ്രകുത്തുകയും കളിയാക്കുകയും
ചെയ്തുകൊണ്ടിരുന്നു. മുലക്കരം പിരിച്ചെടുത്തിരുന്ന രാജസന്തതിക്കു വേണ്ടി
ബഹുമാനം നീക്കിവച്ചത് അപമാനകരമായിപ്പോയെന്നു വിലപിച്ചവരും
കുറവല്ലായിരുന്നു. പ്രതിഷേധവും പിന്തുണയും കമന്റ് ചെയ്യുന്നവരെ
പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരേ കൂട്ടര്‍ തന്നെ ലൈക്കുകള്‍ അടിക്കുന്നതും
ഇവിടെയല്ലാതെ വേറെ എവിടെ കാണാനാകും.
യഥാര്‍ത്ഥവശങ്ങളെ വിശകലനം ചെയ്തുകൊണ്ട്
മാന്യമായി വിമര്‍ശിക്കുന്നവരും പിന്തുണ നല്‍കുന്നവരുടെയും
ഇടയില്‍ത്തന്നെയാണ് അതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്റേതായ
അഭിപ്രായങ്ങളെ ശരിയോ തെറ്റോ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതോ എന്ന്
ആലോചനയില്ലാതെ ജയിക്കുവാന്‍ മാത്രം ഇടപെടുന്ന ഒരു കൂട്ടം. മറ്റൊരു വശത്ത്
ആള്‍ക്കൂട്ടത്തിനിടയില്‍ ശ്രദ്ധിക്കപ്പെടുവാന്‍ മാത്രമായി വാര്‍ത്തകള്‍
സൃഷ്ടിക്കുന്ന കുറച്ചുപേര്‍. ഇന്ന് എല്ലാത്തിനും മാഫിയകള്‍ എന്നപോലെ
പ്രതിഷേധ മാഫിയകള്‍ പ്രതികരണ തൊഴിലാളികള്‍ എന്നൊക്കെ തോന്നിപ്പോകും വിധമാണ്
ചിലര്‍ പെരുമാറുന്നത്. സോഷ്യല്‍ മീഡിയ ആളുകളുടെ വലിപ്പച്ചെറുപ്പമോ അവരുടെ
പ്രായമോ ഒന്നും തന്നെ പരിഗണിക്കുന്നില്ല. സാമാന്യ മര്യാദയുടെ
അതിര്‍വരമ്പുകള്‍ പലപ്പോഴും പലയിടങ്ങളിലും മറന്നു പോകുന്നു.
ജനാധിപത്യ രാജാക്കന്മാരുടെ ആവശ്യത്തിനും
അനാവശ്യത്തിനും നാടുമുഴുവന്‍ സ്തംഭിപ്പിച്ചു പുറപ്പെടുവിക്കുന്ന
ഹര്‍ത്താല്‍ ഉത്തരവുകളെ സഹിക്കുന്നവര്‍ക്കിടയില്‍ നിന്നുതന്നെ ഭൂരിഭാഗം
ദേശവാസികളും അനുകൂലിക്കുകയും പങ്കുചേരുകയും ചെയ്ത ഒരു ദിവസത്തെ
ദുഃഖാചരണത്തെ ആവശ്യത്തില്‍ അധികം വിമര്‍ശിച്ചു വഷളാക്കി ഇ-ലോകം. വൃദ്ധനും
ബഹുമാന്യനും ആയ ഒരു വ്യക്തിയുടെ വിയോഗത്തെ മരണദിവസം തന്നെ
തര്‍ക്കങ്ങള്‍കൊണ്ട് അപമാനിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഒരു നാട്
ആദരിക്കുന്ന അവരുടെ സ്വന്തം രാജാവിന് വേണ്ടി അവധി പ്രഖ്യപിച്ചു ആദരം
കാണിച്ചതിലും അനാവശ്യമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചിലര്‍.
ഏതു കാര്യത്തിനും എന്നപോലെ തെറി വിളിക്കുവാനും തോളില്‍ തട്ടി
അഭിനന്ദിക്കുവാനും രണ്ടു ഭാഗവും മത്സരിച്ചു.
ഇന്ന് ഭരണത്തില്‍ പങ്കില്ല എങ്കിലും
ഒരാളുടെ മരണത്തെ അനാദരിക്കുന്നതിനു വേണ്ടി മാത്രം ഉള്ള കുറ്റകൃത്യങ്ങളോ
മറ്റോ അദ്ദേഹത്തില്‍ നിന്നും ഉണ്ടായതായി അറിവില്ല. ബഹുമാനം നല്കുക"എന്നതിനു
അടിയന്‍ റാന്‍ എന്ന ഓഛാനിക്കലിന്റെയോ വിധേയത്വം കാണിക്കുന്നതിന്റെയോ
അടയാളമെന്നോ അര്‍ത്ഥമില്ല, അതാരുടെയും കഴിവുകേടും അല്ല. വലിയവനായാലും
ചെറിയവനായാലും കൊടുക്കുന്ന ഒരു മര്യാദ അര്‍ഹമായ അംഗീകാരം, നമ്മുടെ കടമയും
സംസ്കാരത്തിന്റെ ഉയര്‍ത്തിപ്പിടിക്കലും കൂടിയാണത്.
മഹാരാജാവ് എന്നത് അദ്ദേഹത്തിന് കൈമാറ്റം
ചെയ്യപ്പെട്ടു കിട്ടിയ ഒരു ബഹുമതിയാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ ഇല്ല
എങ്കില്‍ത്തന്നെയും ഭരണം കയ്യില്‍ ഇല്ല എന്നത് ആ കുടുംബത്തോടുള്ള പലരുടെയും
ബഹുമാനത്തില്‍ കുറവ് വരുത്തുന്നില്ല. ഇന്ന് പ്രജകള്‍ എന്നരീതിയിലുള്ള
വിധേയത്വമോ രാജാവെന്ന അധികാരമോ അവര്‍ ഉപയോഗപ്പെടുത്തുന്നില്ല. എങ്കിലും ഒരു
നാടിന്റെ സ്നേഹം ആദരവ് എല്ലാം അദ്ദേഹത്തിന്റെ പ്രവൃത്തികളും വ്യക്തിത്വവും
പ്രതിഭയും അര്‍ഹിക്കുന്നത് തന്ന. ബഹുമാനിക്കപ്പെടേണ്ട അര്‍ഹതയും മാന്യതയും
രാജാവെന്ന് അറിയപ്പെടുന്ന വ്യക്തിയ്ക്ക് ഉണ്ടെന്നിരിക്കെ അത് നല്‍കുന്നതു
കൊണ്ട് ഒരാള്‍ ജനാധിപത്യത്തെ തള്ളിപ്പറയുകയല്ല ചെയ്യുന്നത്. അദ്ദേഹം ചെയ്‌ത
നല്ല പ്രവൃത്തികളും കാണിച്ച ആത്മാര്‍ത്ഥമായ മനുഷ്യ സ്‌നേഹവും ഒരു
രാഷ്ട്രീയക്കാരന്റെ ഒറ്റ പ്രതികരണം കൊണ്ട് മാറ്റി എഴുതപ്പെട്ടു.
മരിച്ച മാന്യദേഹത്തിനു നല്‍കിയ ആദരത്തെ
പോസ്റ്റ്മാര്‍ട്ടം ചെയ്തവര്‍ക്ക് അദ്ദേഹത്തിന്റെ വ്യക്തി ഗുണങ്ങളെയോ
സാമൂഹ്യ ഇടപെടലുകളെക്കുറിച്ചോ കാര്യമായ പരാതികള്‍ നിരത്തുവാന്‍
ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും അവരുടെ പ്രതികരണങ്ങളില്‍
പ്രത്യക്ഷമായോ പരോക്ഷമായോ അദ്ദേഹത്തെ അപമാനിക്കുക തന്നെയാണ് ചെയ്തത്. ആ
അപമാനം ആ വ്യക്തി അര്‍ഹിക്കുന്നില്ല എങ്കില്‍ പൂര്‍വ്വിക വ്യവസ്ഥിതികളുടെ
പേരില്‍ മരണ ദിവസം തന്നെ ബലിയാടാകേണ്ടി വന്ന ഒരാളെന്ന നിലയില്‍ നോക്കി
കാണേണ്ടി വരും ഈ സംഭവങ്ങളെ.
അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍
കൊണ്ട് ജനജീവിതത്തെ താറുമാറാക്കുന്നതു കയ്യുംകെട്ടി നോക്കി നില്ക്കുന്ന
കുറേപ്പേര്‍. ഒരു നാട് തങ്ങളുടെ പ്രിയപ്പെട്ട വ്യക്തിത്വത്തിനു നല്‍കിയ
ബഹുമാന സൂചകത്തിനെ വളരെ അപഹാസ്യമാക്കി, അതിനെതിരെ ശബ്ദം ഉയര്‍ത്തി
പ്രതികരിക്കുന്നത് വിരോധാഭാസം തന്നെ. ഭരണം മാറിയതിനു ശേഷവും പല
രാജകുടുംബങ്ങളിലേയും വ്യക്തികള്‍ മരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം
പണ്ടുണ്ടായിരുന്ന സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ തീപ്പെട്ടു, നാട്
നീങ്ങി എന്നീ പദങ്ങള്‍കൊണ്ട് വിശേഷിപ്പിച്ചിരുന്നു. അതെല്ലാം
സ്വീകരിച്ചവര്‍ അന്നുകാണിക്കാത്ത എന്ത് അസ്വസ്ഥതയാണ് ഇപ്പോള്‍
പങ്കുവയ്ക്കുന്നത്. പുരോഗമനവാദം പറഞ്ഞും മറ്റുപലതും
ചൂണ്ടിക്കാണിച്ചുകൊണ്ടും ഇത് ശരിയാണോ എന്ന് രോഷം കൊള്ളുന്ന നല്ലൊരു
ശതമാനവും തന്റെ ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങളില്‍ പോലും ഇടപെടാന്‍
മടിക്കുന്നവരാണ് എന്നതും യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു വശം.
രാജഭരണം ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്
ഒരു സംസ്കാരത്തിന്റെയും. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിഷേധ ശബ്ദം കൊണ്ട്
അനാദരം കാണിച്ചവര്‍ പലരും ഈ നവയുഗത്തിലും പൂര്‍ണ്ണമായും രാജാധികാരത്തിന്
കീഴില്‍ത്തന്നെയുള്ള രാജ്യങ്ങളുടെ സുരക്ഷിതത്ത്വത്തില്‍ ഇരുന്നുകൊണ്ടാണ്
അതിനെതിരെ പ്രതികരിക്കുന്നതെന്ന് കൂടി ഓര്‍ക്കുമ്പോള്‍ തമാശ തോന്നുന്നു.
പലയിടത്തും രാജമരണങ്ങളില്‍ അവധി ഉണ്ടാകാറില്ല എന്നത് സത്യം തന്നെ. എങ്കിലും
നമ്മുടെ നാട് മുഴുവനായും അല്ല ഒരു പ്രദേശം നല്‍കിയ പരിഗണന എന്ന് മാത്രം
അതിനെ എടുക്കേണ്ടതുള്ളൂ എന്നുള്ളതുകൊണ്ടും അതിനെതിരെ ഉയര്‍ന്ന
പ്രതിഷേധങ്ങളില്‍ ആവശ്യത്തിലധികം കടുപ്പം ഉണ്ടായിരുന്നത് അനാവശ്യമെന്ന്
തോന്നിപ്പോകുന്നു.
ഫ്യൂഡലിസം നാട് നീങ്ങി എന്നും
ജനാധിപത്യം പതാക ഉയര്‍ത്തിയെന്നും പറഞ്ഞു അസഹിഷ്‌ണുത കാണിക്കുന്നവര്‍,
കാരണവര്‍ ചെയ്‌ത കുറ്റത്തിന് അവരുടെ പേരക്കുട്ടികളെ ശിക്ഷിക്കുന്നതു
പോലെയുള്ള സമീപനം എത്രകണ്ട് പിന്തുണ അര്‍ഹിക്കുന്നു എന്ന് കൂടി
ചിന്തിക്കാവുന്നതാണ്. ജനങ്ങളുടെ സമ്പത്തുകൊണ്ട് കല്പനകളും അധികാരവുമായി
സുഖിച്ചു വാണിരുന്ന ഉന്നതകുലം, അതുകൊണ്ട് തന്നെ അവര്‍ ഈ കാലഘട്ടത്തില്‍
ബഹുമാനം അര്‍ഹിക്കുന്നില്ല എന്നായിരുന്നു ഒരു കൂട്ടരുടെ ആരോപണം .അങ്ങനെ
എങ്കില്‍ ഇപ്പോള്‍ നടക്കുന്നതും കാലങ്ങളായി നമ്മുടെ ഭരണമാറ്റം രാജാവില്‍
നിന്നും ജനാധിപത്യത്തിലേയ്ക്ക് എത്തിയിട്ടും
തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായവയെ കൂടുതല്‍ വിശകലനം
ചെയ്യേണ്ടിയിരിക്കുന്നു.
എല്ലാ ഭരണത്തിനു കീഴിലും അതിന്റെ
ഗുണഭോക്താക്കളും ദുരിതവശങ്ങളെ അനുഭവിക്കുന്നവരും രാജഭരണകാലത്തെ
കീഴാളവര്‍ഗ്ഗത്തിന്റെ തുടര്‍ച്ചകളായി ഉണ്ട്. മാറിമാറി വരുന്ന ഭരണ
രാജ്യങ്ങളില്‍ മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്ന ആ വിഭാഗം എന്നും
നമുക്കിടയില്‍ ഉണ്ട്. ന്യായമായ ആവശ്യങ്ങള്‍ സാധിച്ചു കിട്ടാതെയും
മനുഷ്യത്വപരമായ സമീപനങ്ങളും അര്‍ഹമായ നിയമ പരിരക്ഷയും നിര്‍ദ്ദയം
നിഷേധിക്കപ്പെട്ടവരും നീതിക്കുവേണ്ടിയുള്ള നിരന്തര സമരങ്ങളില്‍
ഒറ്റപ്പെട്ടു പോകുന്നവരും ഇവിടെയുണ്ട്. രാജഭരണ കാലത്തെ കാട്ടാള സമീപനങ്ങളെ
ചേര്‍ത്ത് വച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ഇവയെല്ലാം ഓര്‍മ്മിക്കേണ്ടത്
തന്നെ. ഇന്നത്തെ നേര്‍ക്കാഴ്ച്ചകളെ കാണാതെ കഴിഞ്ഞ കാലത്തിന്റെ
പോരായ്മകളുമായി ഇവയെ താരതമ്യം ചെയ്യുന്നത് എന്ത് അടിസ്ഥാനത്തില്‍
ആയിരിക്കും.
രാഷ്ട്രീയ ഉപഗ്രഹങ്ങള്‍ തങ്ങളുടെ
വ്യക്തിത്വം വെളിപ്പെടുത്തുന്നിടത്തു നിന്ന് കണ്ടെടുക്കേണ്ടത് ഒരര്‍ത്ഥം
മാത്രമല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. ഒരു വാര്‍ത്ത
അറിയുമ്പോഴേ അതിനുപിന്നാലെ എന്ത്, ഏതു എന്ന് ആലോചിക്കാതെയുള്ള
വികാരപ്രകടനങ്ങള്‍ പിന്നീട് താന്‍ പറഞ്ഞത് ഉറപ്പിചെടുക്കുന്നതിനുള്ള
ബന്ധപ്പാടുകള്‍ ഇവയൊക്കെയാണ് സോഷ്യല്‍ മീഡിയകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു കാലത്തെ രാജാവിന്റെ അനുജന്‍ എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യമോ പരിഗണനയോ
അര്‍ഹിക്കാത്ത വ്യക്തിയെ അവധി കൊടുത്ത് ബഹുമാനിച്ചതില്‍
വാളെടുക്കുന്നവര്‍, സാധാരണക്കാരന്റെ മരണം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല,
സ്വന്തം അച്ഛനെ മറ്റൊരു സംസ്ഥാനത്തെ അതേ പേരുള്ള ഒരുത്തന്‍ എന്തുകൊണ്ട്
ബഹുമാനിച്ചില്ല എന്നൊക്കെ പിച്ചും പേയും പറയുന്ന പോലെ ആയിപ്പോയി ചില
ബാലിശമായ തര്‍ക്കങ്ങള്‍. ചില പ്രതിഷേധ സ്വരങ്ങള്‍ അറിവുകേടിനെ
അലങ്കരമാക്കിയവ ആയിരുന്നു.
ചായക്കടകളില്‍ വാര്‍ത്തകളെ
ചര്‍ച്ചചെയ്യുന്ന കാലത്ത് നിന്നും മുഖപുസ്തകത്തിന്റെ ഗ്രൂപ്പിസങ്ങളിലും
സ്വേഛാതിപത്യ ചുമരുകളിലും സ്വതന്ത്രമായി പതിച്ചു വയ്ക്കുന്ന പോസ്റ്ററുകള്‍
ആണ് നമുക്ക് ചുറ്റും. വാക്കടിയും ഒറ്റ ബ്ലോക്കില്‍ ഉത്തരം കൊടുക്കലും ഓരോ
ചര്‍ച്ചകളെയും സമൃദ്ധമാക്കിക്കൊണ്ടിരിക്കുന്നു. ഇതുവരെ തമ്മില്‍
കാണാത്തവര്‍പ്പോലും വ്യക്തി വൈരാഗ്യത്തിന്റെ ഇരകളായിത്തീരുന്നു.
അര്‍ഹിക്കാത്ത പ്രാധാന്യം കൊടുത്ത് വാര്‍ത്തകളെ ആഘോഷിക്കുന്നവരും
കാണേണ്ടതും പ്രവൃത്തികൊണ്ട് കൂടെ നില്‍ക്കേണ്ടതുമായ വാര്‍ത്തകളെ വെറും
വാര്‍ത്തകള്‍ എന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നതും e- സമൂഹത്തില്‍
തന്നെ. പ്രസംഗിക്കുന്നവര്‍ കൂടുതല്‍ പ്രവൃത്തിക്കുന്നവര്‍ ചുരുക്കം e
ഇടങ്ങളും മറിച്ചല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഗുണ വശങ്ങള്‍
ഉണ്ടെന്നതു മറക്കാതെ തന്നെയാണ് പലപ്പോഴ്യം സോഷ്യല്‍ മീഡിയകളിലെ
പ്രതിഷേധങ്ങള്‍ അതിര് കടക്കുന്നത് എന്നുപറയേണ്ടി വരുന്നതും.
വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തു
വിടുന്നവയെ ഹിറ്റ് ആക്കുന്നതും നല്ലൊരു വിഭാഗം പ്രവാസികളെക്കൂടി അതില്‍
ചേര്‍ക്കുന്നതിനും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനും ഉള്ള വലിയൊരു
വേദിയാണ് ഇന്ന് ഫേസ്ബുക്ക്. അവിടെ നിന്ന് തന്നെയാണ് മാന്യമല്ലാത്തതും മുഖം
മൂടികള്‍ നിറഞ്ഞതുമായ കൂടുതല്‍ ഇടപെടലുകള്‍ കാണുവാന്‍ സാധിക്കുന്നത്.
വാര്‍ത്തകളോടുള്ള പ്രതികരണങ്ങളില്‍ ആവശ്യം വേണ്ട സാമാന്യനീതി പലപ്പോഴും
ഉണ്ടാകുന്നില്ല. വ്യക്തികള്‍ക്കും വാര്‍ത്തകള്‍ക്കും വൈകാരികതയുടെ
പരകോടിയില്‍ നിന്നും രാഷ്ട്രീയത്തിന്റെ പാര്‍ശ്വവല്‍കരണത്തില്‍ നിന്നും
കൊണ്ടുള്ള വാക്കേറ്റങ്ങള്‍ സാധാരണ കാഴ്ചയാണ്. നമ്മുടെ സംസകാരത്തിന്റെയും
ചരിത്രത്തിന്റെയും പ്രധാനപ്പെട്ട ഒരു കണ്ണിയാണ് തിരുവതാംകൂര്‍ രാജവംശം.
ഇന്ത്യയുടെ തന്നെയോ മറ്റു രാജ്യങ്ങളുടെ തന്നെയോ ഭരണചരിത്രങ്ങളില്‍ അധികാരം
പലപ്പോഴും കൈമാറ്റം ചെയ്യപ്പെട്ടു വ്യവസ്ഥിതികളെ പുതുക്കിയെടുത്തിട്ടുണ്ട്
അതെല്ലാം കാലഘട്ടങ്ങളുടെ ആവശ്യവും ആയിരുന്നു.
ഇന്ന് രാജ്യം നമ്മുടേത് തന്നെ,
ജനാധിപത്യം നമ്മുടെ ഇഷ്‌ട ഭരണ രീതി തന്നെ, എങ്കിലും സംസ്കാര സമ്പന്നതയുടെ
വേരുകളില്‍ കഴിഞ്ഞുപോയ വ്യവസ്ഥിതികളുടെ പരിണാമം കൂടിയുണ്ടെന്നു മറക്കുന്നത്
എത്രപെട്ടെന്നാണ്. ഒരു സുപ്രഭാതത്തില്‍ പൊട്ടിവിരിഞ്ഞതല്ല നമ്മുടെ
സംസ്കാരം ഓരോ കാലഘട്ടത്തിലും മാറ്റങ്ങള്‍ക്ക് വിധേയമായി കൈമാറ്റം
ചെയ്യപ്പെട്ട ഒന്നാണത്. പരിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന ചിന്തകളുടെയും
കാലഘട്ടത്തിന്റെയും അംശങ്ങളും അവയുടെ ആരോഹണാവരോഹണങ്ങളും കാണുക സ്വാഭാവികം.
അവയെ അടച്ചധിക്ഷേപിക്കുക എന്നാല്‍ എന്ത് സംസ്കാര സമ്പന്നതയാണ് നമ്മള്‍
ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് ചിന്തിക്കേണ്ടി വരും. മാന്യമായി
പ്രതികരിക്കേണ്ടതും ആത്മസംയമനം പാലിക്കേണ്ടതുമായ ഒരു മരണത്തെ അതെ ദിവസം
തന്നെ അപമാനിക്കുന്നതില്‍ ആത്മ സംതൃപ്തി കണ്ടെത്തുന്ന വിചിത്ര കാഴ്ചകള്‍
ഫേസ്‌ബുക്കിനു സ്വന്തം. ഒരു സാധാരണ മരണ വീട്ടില്‍ പാലിക്കുന്ന യാതൊരു വിധ
മര്യാദകളും ഇ-ഇടത്തെ ബാധിച്ചതേയില്ല എന്നത് ദുഖകരമായിത്തോന്നുന്നു.
No comments:
Post a Comment