|
ഉടുതുണി ഉരിഞ്ഞപ്പോൾ വീണ്ടെടുത്ത നട്ടെല്ല്
Posted on: Thursday, 19 December 2013
ഒരു
ഭരണത്തലവനെ ലജ്ജാവിവശനായി ലോകം വീക്ഷിച്ചാൽ എന്ത് സംഭവിക്കുമെന്നതിന് ഒരു
ദൃഷ്ടാന്തമാണ് ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ ദേവയാനി ഖൊബ്രഗഡെയ്ക്ക്
ന്യൂയോർക്കിൽ നേരിട്ട ദുരനുഭവം. പരിചാരിക നൽകിയ പരാതിയുടെ പേരിൽ ഐ.എഫ്.എസ്
ഉദ്യോഗസ്ഥയായ ഈ 39കാരിയെ പൊതുനിരത്തിൽ വച്ച് അറസ്റ്റ് ചെയ്തുവെന്ന്
മാത്രമല്ല, കൊടും ക്രിമിനലിനെ കൈകാര്യം ചെയ്യും പോലെ ന്യൂയോർക്ക് പൊലീസ്
അപമാനിച്ചു. ഉടുതുണി അഴിച്ച് സ്വകാര്യ ഭാഗങ്ങളിൽ തപ്പിനോക്കുന്ന `കാവിറ്റി '
പരിശോധനയ്ക്ക് വരെ വിധേയയാക്കി. സ്വന്തം നയതന്ത്ര പ്രതിനിധിയെ
അപമാനിച്ചുവെന്ന് അറിഞ്ഞിട്ടും ദിവസങ്ങളോളം നിഷ്‌ക്രിയത പുലർത്തിയ മൻമോഹൻ
സിംഗ് സർക്കാരിന് നട്ടെല്ല് വീണ്ടെടുക്കാൻ അമേരിക്ക ഉടുതുണി അഴിച്ചുവെന്ന
രഹസ്യം കൂടി അറിയേണ്ടിവന്നുവെന്നാണ് വിവരം. ആദരണീയനായ മുൻ രാഷ്‌ട്രപതി
എ.പി.ജെ. അബ്ദുൾ കലാമിനെ രണ്ടുവർഷം മുമ്പ് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി
വിമാനത്താവളത്തിൽ ദേഹപരിശോധന നടത്തി അപമാനിച്ചപ്പോൾ പ്രതികരിക്കേണ്ട
രീതിയിൽ പ്രതികരിച്ചിരുന്നുവെങ്കിൽ അമേരിക്കയിലെ പൊലീസ് ഈ ധാർഷ്ട്യം
കാണിക്കാൻ ഒരുമ്പെടുമായിരുന്നില്ല. ഭാരതരത്നമായ അദ്ദേഹം
അപമാനിക്കപ്പെട്ടുവെന്ന് അറിഞ്ഞിട്ടും ഞരങ്ങുംപോലെയായിരുന്നു സർക്കാരിന്റെ
പ്രതികരണം. കടുത്ത പ്രതികരണം പ്രതീക്ഷിച്ച അമേരിക്ക അന്ന് ക്ഷമാപണത്തിന്
തയ്യാറായി. എന്നാൽ, ഇന്ത്യൻ നയതന്ത്രപ്രതിനിധിയുടെ സ്കൂൾ വിദ്യാർത്ഥിനിയായ
മകളെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ഒച്ചപ്പാട്
സൃഷ്ടിച്ചിട്ടും നനഞ്ഞ പടക്കം പോലെ ഇന്ത്യ പ്രതികരിച്ചപ്പോൾ
അമേരിക്കയ്ക്ക് കാര്യം പിടികിട്ടി; നട്ടെല്ലില്ലാത്ത വിനീതവിധേയരാണ്
ഇന്ത്യയിൽ ഭരണം നടത്തുന്നതെന്ന്. നയതന്ത്രപ്രതിനിധിക്കും
പരിചാരികയ്ക്കും അമേരിക്കയിൽ തുല്യനീതിയാണെന്നോ, കാണിച്ചത് എന്തോ
മഹാകാര്യമാണെന്നോ തെറ്റിദ്ധരിക്കുന്നവരുണ്ടാവാം. തുല്യനീതി അമേരിക്കയ്ക്ക്
ഒരു ഭംഗിവാക്ക് മാത്രമാണ്. നയതന്ത്രപ്രതിനിധിയെയും പരിചാരികയെയും ഒരുപോലെ
കാണാൻ വകുപ്പില്ല താനും. നയതന്ത്ര പ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ
ഉറപ്പാക്കുന്ന വിയന്ന ഉടമ്പടിയിലെ 41-ാം വ്യവസ്ഥയിൽ പറയുന്നത് ഒരു നയതന്ത്ര
പ്രതിനിധിക്കെതിരെ നടപടി സ്വീകരിക്കുകയാണെങ്കിൽ അർഹിക്കുന്ന ആദരവോടെ
വേണമെന്നാണ്. ഇഷ്ടമുള്ളത് എടുക്കാവുന്ന ബുഫേ മേശ പോലെയാണ്
അമേരിക്കയ്ക്ക് വിയന്ന ഉടമ്പടി. പാകിസ്ഥാനിൽ സി.ഐ.എയ്ക്ക് വേണ്ടി കരാർ
പണിയിൽ ഏർപ്പെട്ടിരുന്ന ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു
റെയ്മണ്ട് ഡേവിസ് എന്ന മുൻ യു.എസ് സൈനികൻ. 2011 മാർച്ചിൽ ഡേവിസ് ലാഹോറിൽ
പട്ടാപ്പകൽ രണ്ട് പാക് പൗരന്മാരെ വെടിവച്ചുകൊന്നു.
ഇരട്ടക്കൊലപാതകമായിരുന്നു കുറ്റം. പക്ഷേ, ഡേവിസ് നയതന്ത്ര
പ്രതിനിധിയാണെന്ന് വാദിച്ചും വിയന്ന ഉടമ്പടി പൊക്കിക്കാണിച്ചും അയാളെ
അമേരിക്ക പാകിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുപോയി. പാകിസ്ഥാനിലെ
മാത്രമല്ല ഇന്ത്യയിലെ നിയമത്തെയും അമേരിക്ക വകവയ്ക്കാറില്ല. ഭോപാലിൽ
കാൽനൂറ്റാണ്ട് മുമ്പ് 20,000 പേർ പിടിഞ്ഞുമരിക്കാനിടയായ വാതകദുരന്ത കേസിലെ
പ്രതിയും യൂണിയൻ കാർബൈഡിന്റെ മുൻ ചെയർമാനുമായ വാറൻ ആൻഡേഴ്സണിനെതിരെ ഇന്ത്യൻ
കോടതി വാറണ്ട് അയച്ചപ്പോൾ കൈമാറാൻ പറ്റില്ലെന്നാണ് അമേരിക്ക പറഞ്ഞത്. പൊതുതിരഞ്ഞെടുപ്പ്
അടുത്തെത്തിയതിനാലും നരേന്ദ്രമോഡിയെ പോലെ ഒരു നേതാവ് കോൺഗ്രസിന് ഭീഷണിയായി
മാറിയതിനാലുമാവാം കൈമോശം വന്ന നട്ടെല്ല് തപ്പിയെടുക്കാൻ സർക്കാർ
നിർബന്ധിതമായത്. ഇന്ത്യൻ പ്രതിനിധിയുടെ ഉടുതുണി അഴിച്ചത് അറിഞ്ഞ് മുൻ
ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ലോക്‌സഭാ സ്പീക്കർ മീരാകുമാർ യു.എസ് പാർലമെന്റ്
പ്രതിനിധി സംഘത്തെ കാണാൻ വിസമ്മതിച്ചതും എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന
സ്ഥിതി സൃഷ്ടിച്ചിട്ടുണ്ടാവാം. ഡൽഹിയിൽ യു.എസ് എംബസിക്കു മുന്നിലെ
ബാരിക്കേഡുകൾ നീക്കം ചെയ്യുകയും അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും
കുടുംബാംഗങ്ങളുടെയും പ്രത്യേക പരിരക്ഷകൾ പിൻവലിക്കുകയുമൊക്കെയാണ്
തിരിച്ചടിയായി ഇന്ത്യ ചെയ്തത്. അമേരിക്ക നിരുപാധികം മാപ്പു പറയണമെന്ന്
ആവശ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അമേരിക്ക ഒരു കുലുക്കവും ഇതുവരെ
പ്രകടിപ്പിച്ചിട്ടില്ല. വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കട്ടെയെന്ന്
പറഞ്ഞ് തണുപ്പൻ മട്ടിലാണ് അമേരിക്കയുടെ പ്രതികരണം. എന്നിട്ട്, ഒരു ഉപദേശം.
വിയന്ന ഉടമ്പടി ഇന്ത്യ മാനിക്കണമെന്ന്! അമേരിക്കൻ നയതന്ത്ര
ഉദ്യോഗസ്ഥരുടെ പ്രത്യേക പരിരക്ഷകൾ പിൻവലിക്കുന്നത് പോലുള്ള നടപടികൾ മാത്രം
പോരാ. ഇന്ത്യൻ നിയമപ്രകാരം സ്വവർഗരതിക്കാരായ അമേരിക്കൻ നയതന്ത്ര
ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കുകയും പുനഃപരിശോധിക്കാൻ കഴിയുന്ന ആയുധ
ഇടപാടുകൾ പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു.
സഹസ്രകോടികളുടെ ആയുധക്കച്ചവടം മുടങ്ങുമെന്ന് അറിയുമ്പോൾ കാണാമായിരുന്നു
അമേരിക്കയുടെ തുള്ളലും പനിയും. പ്രഹരിക്കുമ്പോൾ നോവുന്നിടത്ത് പ്രഹരിക്കണം.
|
|
No comments:
Post a Comment