Saturday, July 23, 2016

ബിസിനസെല്ലാം എട്ടു നിലയിൽ പൊട്ടി പാളീസായി നിൽക്കുമ്പോളാണ്......

ബിസിനസെല്ലാം എട്ടു നിലയിൽ പൊട്ടി പാളീസായി നിൽക്കുമ്പോളാണ്
കേരള സർക്കാരിന്റെ നാളെയാണ് നാളെയാണ് എന്നുള്ള ലോട്ടറിയുടെ പരസ്യം കേട്ടത്
ഒരു ലോട്ടറി എടുത്തു അന്ന് രാത്രി മുഴുവനും സ്വപ്നം കണ്ടു കടംവാങ്ങിയതെല്ലാം തിരിച്ചു കൊടുക്കണം വല്ലതും മിച്ചം വരുന്നെങ്കിൽ പുതിയ ബിസിനസ് വല്ലതും തുടങ്ങണം അങ്ങനെ സ്വപ്നം കണ്ട് ആ രാത്രി പറത്തി..
നേരം പുലർന്നു ഇനി എന്ത് ചെയ്യും എന്ന് കരുതി ഉമ്മറത്ത് അങ്ങനെ ഇരിന്നു...
ഭാര്യ ചായ കൊണ്ട് വന്നു തന്നു അവളെൻ മുഖത്തേക്ക് തന്നെ നോക്കി മിഴി നിറച്ചു...
ആ മിഴികളിൽ ഞാൻ കണ്ടു ഇനി ഊരി തരാൻ കഴുത്തിലുള്ള താലി മാലയല്ലാതെ ഒരു തരി സ്വർണ്ണം അവളുടെ കയ്യിൽ ഇല്ല എന്ന്...
ഇന്നെടുക്കും നാളെയെടുക്കും എന്ന് കരുതി ഊരി തന്നതാണ് പാവം
കല്യാണം കഴിഞ്ഞു ഒരു വര്‍ഷമായതേയുള്ളു അതികം സന്തോഷമൊന്നും അവൾക്കായ് നൽകാനായില്ല..
എന്റെ ബിസിനസ് പൊട്ടി തകർന്നപ്പോൾ സഹിക്കേണ്ടി വന്നത് അവളും കൂടിയാണ്..
വന്നു കയറിയ പെണ്ണിന് ഭാഗ്യമില്ലെന്നും യോഗമില്ലെന്നും പറഞ്ഞുള്ള കുത്തു വാക്കുകൾ വീട്ടിൽ നിന്നും കേട്ട് തുടങ്ങി അവൾ..
എന്റെ കൂടെയുള്ള കഷ്ടപെടലുകൾ കണ്ട് അവളുടെ വീട്ടുകാർ വന്നു വിളിച്ചവളെ
അവൾ പോയില്ല
ഞാൻ പറഞ്ഞു ``എല്ലാം ഒന്ന് ശരിയാകുന്നത് വരെ നീ വീട്ടിൽ പോയി നിന്നോ എന്ന്..
ആ വാക്ക് പോലും അവൾക്കിഷ്ടപെട്ടില്ല
അതിനും മിഴി നിറച്ചു നിന്ന് അവൾ..
പല രാത്രികളും ഉറക്കമില്ലാതെ തള്ളി നീക്കി എങ്ങനെ കടം വീട്ടും ഇനി എങ്ങനെ മുന്നോട്ടു പോകും എന്നെല്ലാം ആലോചിച്ചു കൂട്ടി..
ഇതിനിടക്കാണ് അവൾ ചോദിച്ചത് ``ഇനി എന്താണ് ചെയ്യുക എന്ന്..
ഞാൻ ഒന്നും പറയാനാകാതെ കിടന്നു..
എന്റെ മൌനം കണ്ടവൾ പറഞ്ഞു..
``നിങ്ങൾക്ക് ഡ്രൈവിങ് അറിയാലോ അങ്ങനെ ഉള്ള എന്തേലും ജോലി കിട്ടുമോ എന്ന് നോക്ക്... ഇവിടെ ഉള്ളവർ കളിയാക്കും ചിലപ്പോൾ എന്നാലും സാരമില്ല അതൊക്കെ കാണാത്ത പോൽ നടിച്ചാൽ മതി എന്നേ..
അവളുടെ വാക്കുകളിലൂടെ ഒരാത്മ വിശ്വാസം കിട്ടി..
അങ്ങനെ കിടക്കുമ്പോളാണ് എനിക്ക് പരിചയമുള്ള നന്ദനെ ഓർത്തത് അവനൊരു കമ്പനി എറണാകുളത്ത് നടത്തുന്നത് ഓർമ്മയിലേക്ക് വന്നത് അവനെ പോയി ഒന്ന് കാണാം എന്തേലും ഒരു ജോലി ശരിയാക്കി തരാതെ ഇരിക്കില്ല .
വെളുപ്പിന് തന്നെ ഡ്രൈവിങും ലൈസന്‍സും സർട്ടിഫിക്കറ്റു മെടുത്തു ഭാര്യയോട് കാര്യം പറഞ്ഞു പുറപ്പെട്ടു..
എറണാകുളത്ത് എത്തി നന്ദനെ പോയി കണ്ടു പിടിച്ചു... എന്നെ കണ്ടതും നന്ദൻ സ്നേഹത്തോടെ ക്ഷണിച്ചു...
സൌഹൃദ സംഭാഷണങ്ങൾക്കിടയിലൂടെ ഞാൻ എന്റെ വരവിന്റെ കാര്യം പറഞ്ഞു... നന്ദൻ എല്ലാം കേട്ട് എന്നെ ആശ്വസിപ്പിച്ചു പിന്നെ നന്ദൻ പറഞ്ഞു ``നിന്റെ ജോലി ഞാൻ ശരിയാക്കി തരാം
ഇവിടെയല്ല ഞാൻ അറിയാവുന്ന ഒരാളുടെ കമ്പനിയിൽ... അപ്പോൾ നമുക്കിടയിലും ഒരു സ്നേഹം നില നിൽക്കും '' എന്ന് പറഞ്ഞു നന്ദൻ എന്നെ കൂട്ടികൊണ്ടു പോയി..
പറഞ്ഞത് പോലെ ജോലി എല്ലാം ശരിയാക്കി തന്നു...
... പിന്നെ അവിടെ തന്നെ ഒരു ഫ്ലാറ്റും വാടകക്ക് തരപ്പെടുത്തി തന്നു അങ്ങനെ.. നാട്ടിലേക്ക് തിരിച്ചു..
നാട്ടിലെത്തി കടക്കാരോടെല്ലാം അവധി ചോദിച്ചു... അങ്ങനെ അവരെ പറഞ്ഞു നിർത്തി..
എല്ലാം കഴിഞ്ഞ് വീടിന്റെ പടി കയറുമ്പോൾ അവൾ ജനാലയിലൂടെ നോക്കുന്നുണ്ടായിരുന്നു എന്റെ വരവും കണ്ട് അവൾ ഓടിയെത്തി...
പിന്നെ ചോദിച്ചു ``എന്തായി എന്തായി ഒന്നു പറ..
അവളുടെ മുഖത്ത് ആകാംക്ഷയും പ്രാർത്ഥനയും ഒട്ടി നിൽക്കുന്നു
അതു കണ്ടു ഞാൻ പറഞ്ഞു ``എല്ലാം ശരിയായി ഓഫീസിൽ തന്നെയാണ് ജോലി...
അവളിതു കേട്ട് മുറിയിലേക്ക് ഓടി..
ഞാൻ ചെന്നു നോക്കുമ്പോൾ അവൾ പ്രാർത്ഥനയിലാണ്...
അതു കഴിഞ്ഞ് അവളെന്നെ തന്നെ നോക്കി നിന്നു
അന്നേരം ഞാൻ പറഞ്ഞു ``നിന്റെ പ്രാർത്ഥന ദൈവം കേട്ടു എന്ന്..
ഇത് കേട്ടവൾ പറഞ്ഞു ``എന്റെ പ്രാര്‍ത്ഥന മാത്രമല്ല എന്ത് ജോലിയാണേലും ചെയ്യാൻ കാണിച്ച നിങ്ങളുടെ മനസ്സിന്റെ നന്മ കൂടിയാണതെന്ന്...
പിന്നെ ചോദിച്ചു അവൾ``എപ്പോഴാ പോണേ..
``നാളെ പോകണം എന്ന് ഞാൻ പറഞ്ഞു..
എന്തൊക്കെയാ ബാഗിൽ വെക്കേണ്ടത് എന്നും ചോദിച്ച് അവൾ ബാഗെടുത്തു പൊടി തട്ടി ...
ഉള്ള ഡ്രസ്സൊക്കൊ മതി എന്ന് ഞാൻ പറഞ്ഞു ... ഇത് കേട്ടപ്പോൾ അവൾ പറഞ്ഞു ``കുറച്ചു ഡ്രസ്സൊക്കൊ തേക്കാനുണ്ട് അതെല്ലാം തേച്ചു വെക്കാം ഇനി എല്ലാം ഒറ്റക്ക് ചെയ്യേണ്ടേ....എന്ന് ഇടർച്ചയോടെ പറഞ്ഞു നിർത്തുമ്പോൾ
അവൾക്കെൻ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ലായിരിന്നു...
അവൾ ഉള്ളിൽ കരയുകയാണ് എന്നെനിക്കു മനസ്സിലായി...
ഞാൻ അവളെ വിളിച്ചു എന്നിട്ട് പറഞ്ഞു '' പിന്നെ നിനക്ക് ആവശ്യമുള്ള എന്താണോ അതും കൂടി എടുത്തു ബാഗിൽ വെച്ചോ...
ഇത് കേട്ടതും അവൾ ബാഗ് താഴെയിട്ടു എന്നെ നോക്കി മിഴി നിറച്ചു...
അവൾ വന്നു മാറിലേക്ക് വീഴുമ്പോൾ എൻ മനസ്സ് പറയുകയായിരുന്നു..
``തനിച്ചാക്കി പോകില്ല ഒരു കരുത്തായ് നീ തന്നെ കൂടെ വേണം എന്നും''..
വർഷങ്ങൾ തലോടി കടന്നു പോയി..
വീട്ടിൽ ആ പഴയ സന്തോഷം തിരികെയെത്തി...
........ എ കെ സി അലി....
ജീവിതം ഇടറുന്ന ചില സമയങ്ങളുണ്ട് അന്നേരം ആരാണോ കരുത്തു തരുന്നത് അവരാണ് വിജയങ്ങളുടെ അവകാശികൾ അത് ചിലപ്പോൾ നമുക്ക് പ്രിയപെട്ടവരാകുമ്പോൾ അവരോട് പറയാനറിയാത്ത എന്തോ ഒന്ന് മനസ്സിൽ സൂക്ഷിക്കും പിന്നെ പല രീതിയിൽ നാം അവരെ സന്തോഷിപ്പിക്കും...



No comments:

Post a Comment