Thursday, July 7, 2016

അധികാരമേറ്റ് രണ്ടാംനാള്‍ കര്‍മനിരതരായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ഉദ്യോഗസ്ഥമേധാവികളുമായി ചര്‍ച്ച നടത്തിയും നിര്‍ണായക തീരുമാനങ്ങള്‍ എടുത്തും സര്‍ക്കാര്‍ അതിവേഗം ചലിക്കുന്നതിന് സാക്ഷിയായി ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റ്.



                                   



മന്ത്രിമാര്‍ 5 ദിവസം തലസ്ഥാനത്ത് വേണം
*************************************************

അധികാരമേറ്റ് രണ്ടാംനാള്‍ കര്‍മനിരതരായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ഉദ്യോഗസ്ഥമേധാവികളുമായി ചര്‍ച്ച നടത്തിയും നിര്‍ണായക തീരുമാനങ്ങള്‍ എടുത്തും സര്‍ക്കാര്‍ അതിവേഗം ചലിക്കുന്നതിന് സാക്ഷിയായി ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റ്. ആറ് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും എല്ലാ മന്ത്രിമാരും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അഞ്ചുവര്‍ഷമായി അഴിമതിയിലും ആലസ്യത്തിലുമായിരുന്ന ഭരണകേന്ദ്രത്തെ പൂര്‍ണമായും അഴിച്ചുപണിയുന്നതിനാണ് മന്ത്രിമാര്‍ തലസ്ഥാനത്ത് ക്യാമ്പ് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയത്.

ജനപക്ഷഭരണത്തിന് തുടക്കംകുറിച്ച് ആദ്യദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ തുടര്‍നടപടികളും രണ്ടാംനാള്‍ ഉണ്ടായി. ദക്ഷിണമേഖലാ എഡിജിപിയായി ബി സന്ധ്യയെ നിയമിച്ചു. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന സംഘത്തിന്റെ ചുമതല വഹിക്കാനാണ് ഈ മാറ്റം. കഴിഞ്ഞ സര്‍ക്കാര്‍ ജനുവരി ഒന്നിനുശേഷം എടുത്ത വിവാദതീരുമാനങ്ങള്‍ പരിശോധിക്കുന്നതിനുള്ള മന്ത്രിസഭാ ഉപസമിതി യോഗം തിങ്കളാഴ്ച ചേരും.

ലാഭ–നഷ്ടം നോക്കി തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടുന്ന കച്ചവടമല്ല വിദ്യാഭ്യാസമെന്ന സന്ദേശം നല്‍കി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും. കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടില്ലെന്ന സര്‍ക്കാര്‍നിലപാട് രണ്ടുപേരും വ്യക്തമാക്കിയതിലൂടെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയെന്ന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയമാണ് വ്യക്തമാക്കപ്പെട്ടത്.

കയര്‍വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആദ്യചര്‍ച്ച പാവപ്പെട്ട കയര്‍ത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതായിരുന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി ഏറെ വൈകുംവരെ ഗസ്റ്റ് ഹൌസില്‍ ധന– നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം ചേര്‍ന്നു. സംസ്ഥാനത്ത് സാമ്പത്തികസ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് മുന്തിയ പരിഗണന.

ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് മന്ത്രി ആദ്യനാള്‍ നടത്തിയത്. മഴക്കാലപൂര്‍വ ശുചീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

വ്യവസായമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ചര്‍ച്ചയാണ് വ്യവസായമന്ത്രി ഇ പി ജയരാജന്‍ ഉദ്യോഗസ്ഥമേധാവികളുമായി നടത്തിയത്. വാണിജ്യവകുപ്പിനെ പുനരുജ്ജീവിപ്പിച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും. വിപണനരംഗത്ത് പുത്തന്‍പദ്ധതികള്‍ നടപ്പാക്കാനും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാക്കാനും ശക്തമായ നടപടി എടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജനകീയ കായികനയം നടപ്പാക്കാനും അന്തര്‍ദേശീയതലത്തില്‍ കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനുമുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കാനും തീരുമാനിച്ചു.

ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിയെത്തുടര്‍ന്ന് ഡീസല്‍വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ച് മുഖ്യമന്ത്രിയും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും ട്രാന്‍സ്പോര്‍ട്ട് കമീഷണറുമായി ചര്‍ച്ച നടത്തി. വിവിധ വകുപ്പുകളുമായി തുടര്‍ചര്‍ച്ച നടത്തി തീരുമാനമെടുക്കും. മറ്റ് മന്ത്രിമാരും വകുപ്പുകളില്‍ നടപ്പാക്കേണ്ട ജനഹിത നടപടികള്‍ ഉദ്യോഗസ്ഥ മേധാവികളുമായി ചര്‍ച്ച നടത്തി.




No comments:

Post a Comment