LATEST NEWS
Jul 30, 2015
ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കി. പുലര്‍ച്ചെ 6.38ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് തൂക്കിലേറ്റിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 9.55 ന് മൃതദേഹം കര്‍ശന നിബന്ധനകളോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യാക്കൂബ് മേമന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അനുവദിച്ച സമയത്തിനകം സംസ്‌കാര ചടങ്ങ് പൂര്‍ത്തിയാക്കണം, സ്മാരകം നിര്‍മ്മിക്കരുത്, ചടങ്ങിന്റേയോ മൃതദേഹത്തിന്റേയോ ചിത്രങ്ങളോ വീഡിയോയോ പുറത്തുവിടരുത് തുടങ്ങിയ കര്‍ശന നിബന്ധനകള്‍ ബന്ധുക്കള്‍ അംഗീകരിച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനമായത്.
ജയിലില്‍ നിന്ന് ആംബുലന്‍സില്‍ നാഗ്പുര്‍ വിമാനത്താവളത്തിച്ച മൃതദേഹം എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിച്ചു. മധ്യ മുംബൈയിലെ താമസസ്ഥലത്ത് ബന്ധുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കിയ ശേഷം ബാന്ദ്രയിലെ ഖബറുസ്താനില്‍ മൃതദേഹം വൈകീട്ട് 5.15 ന് സംസ്‌കരിച്ചു.
21 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്. അതിരാവിലെ തന്നെ ശിക്ഷനടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. യാക്കുബ് മേമനെ വിളിച്ചുണര്‍ത്തി ലഘുഭക്ഷണം നല്‍കിയെങ്കിലും അദ്ദേഹം കഴിച്ചില്ല. തുടര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കി. അരമണിക്കൂറോളം പ്രാര്‍ത്ഥിച്ചു. പുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് തൂക്കുമരത്തിലേക്കെത്തിച്ചത്. 6.38 ന് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം മേമനെ തൂക്കിലേറ്റി. മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയ ആരാച്ചാര്‍ തന്നെയാണ് വധശിക്ഷ നടപ്പാക്കിയത്. 7.01ന് ഡോക്ടര്‍ പരിശോധിച്ച് യാക്കൂബ് മരിച്ചുവെന്ന് ഉറപ്പുവരുത്തി.
അസാധാരണ നടപടിയിലൂടെ മേമന് വേണ്ടി സമര്‍പ്പിച്ച ഒടുവിലത്തെ ഹര്‍ജി സുപ്രീംകോടതി പുലര്‍ച്ചെ രണ്ടരയ്ക്ക് ചേര്‍ന്നാണ് വാദം കേട്ടത്. ഒടുവില്‍ ഹര്‍ജി തള്ളിക്കളഞ്ഞ കോടതി വധശിക്ഷ മുന്‍നിശ്ചയ പ്രകാരം നടപ്പാക്കാന്‍ ഉത്തരവിട്ടു. നാടകീയതകളും പിരിമുറുക്കവും നിറഞ്ഞ ഒരു പകലിനും രാത്രിക്കുമൊടുവിലാണ് ഇത് സംബന്ധിച്ച അനിശ്ചിതത്വം മാറി വിധി നടപ്പാക്കാനുള്ള തീര്‍പ്പുണ്ടായത്. തന്റെ 53 ാം പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് താന്‍ ചെയ്ത തെറ്റിന് അദ്ദേഹം തൂക്കിലേറ്റപ്പെടുന്നത്.
കോടതി ഉത്തരവിലെ ന്യൂനത ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം സുപ്രീംകോടതിയെ രാത്രിയില്‍ സമീപിച്ചതോടെയാണ് അപ്രതീക്ഷിത വാദം കേള്‍ക്കലിന് വഴിതെളിഞ്ഞത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ ഏഴ് ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്ന മഹാരാഷ്ട്ര ജയില്‍ മാനുവലിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ രാത്രിയില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനെ സമീപിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ തയാറെടുപ്പുകളും നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പൂര്‍ത്തിയാക്കി അധികൃതര്‍ കാത്തിരിക്കുമ്പോഴായിരുന്നു ഇത്.
ഉത്തരവിലെ പിഴവ് ആധാരമാക്കി അര്‍ധരാത്രിയില്‍ ഹര്‍ജി വന്നതോടെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് തന്നെ ഇതിലും അടിയന്തരമായി വാദം കേള്‍ക്കാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് പുലര്‍ച്ചെ 2.30 ന് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയില്‍ കോടതി ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ അവസാന നിമിഷം അത് മാറ്റി സുപ്രീംകോടതിയില്‍ തന്നെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. നാലാം നമ്പര്‍ കോടതിമുറിയിലാണ് പുലര്‍ച്ചെ ഈ നാടകീയതകള്‍ നിറഞ്ഞ വാദവും മറുവാദവും നടന്നത്.
ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത്, അമിതാവ റോയ് എന്നിവരടങ്ങിയ ഇതേ ബഞ്ച് തന്നെയാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മേമന്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച പകല്‍ തള്ളിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീണ്ടും അതേ ബഞ്ച് ഒരിക്കല്‍ കൂടി കേസ് കേട്ട് വിധി കല്‍പിച്ചു.
ബുധനാഴ്ച സുപ്രീംകോടതി ഹര്‍ജി തള്ളിയതിന് പിന്നാലെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് മേമന്‍ നല്‍കിയ രണ്ടാം ദയാഹര്‍ജിയും തള്ളി. രാത്രി പത്തേമുക്കാലോടെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ തീരുമാനം വന്നത്. ഇതിനോടിടയ്ക്ക് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും അദ്ദേഹത്തിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജിയും തള്ളി. ദയാഹര്‍ജി നിലനില്‍ക്കില്ലെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് രാഷ്ട്രപതി മേമന്റ ദയാഹര്‍ജി തള്ളിയത്. അതോടെ മേമനെ നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റാനുള്ള എല്ലാ നടപടികളും ജയില്‍ അധികൃതര്‍ പൂര്‍ത്തിയാക്കി. ഇതിനിടെയാണ് വീണ്ടും കാര്യങ്ങള്‍ സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയത്. രാഷ്ട്രപതിയുടെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ മേമന്റെ അഭിഭാഷകര്‍ ഉത്തരവിലെ ന്യൂനത ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചു.
രാത്രി വൈകി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. മുംബൈ സ്‌ഫോടന കേസില്‍ 22 കൊല്ലം നീണ്ട നിയമനടപടികള്‍ക്ക് ഇതോടെ തിരശ്ശീല വീഴുകയാണ്.
യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളിയ ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടികള്‍ സാധുവാണെന്നും കോടതി വിധിച്ചു. തിരുത്തല്‍ഹര്‍ജി പരിഗണിച്ചത് സുപ്രീം കോടതിയുടെ ചട്ടങ്ങള്‍ പ്രകാരമല്ലെന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിലപാട് മൂന്നംഗ ബെഞ്ച് അംഗീകരിച്ചില്ല. തിരുത്തല്‍ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ രൂപവത്കരണത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
1993ല്‍ മുംബൈ നഗരത്തെ നടുക്കിയ സ്‌ഫോടനപരമ്പരയില്‍ 257 പേരാണ് മരിച്ചത്. സ്‌ഫോടനത്തിന് പിറകില്‍ പ്രവര്‍ത്തിച്ച ദാവൂദ് ഇബ്രാഹിമും യാക്കൂബിന്റെ സഹോദരന്മാരായ ടൈഗര്‍ മേമനും പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി സംശയിക്കുന്നു. 2013 മാര്‍ച്ച് 13നാണ് സുപ്രീംകോടതി മേമന് വധശിക്ഷ നല്‍കിയത്. കഴിഞ്ഞ കൊല്ലം ജൂണില്‍ ഇത് സ്റ്റേ ചെയ്ത സുപ്രീം കോടതി, തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. റിവ്യൂ ഹര്‍ജി ഇക്കൊല്ലം ഏപ്രില്‍ ഒമ്പതിന് തള്ളി. തുടര്‍ന്ന് ഏപ്രില്‍ 30ന് മഹാരാഷ്ട്രയിലെ 'ടാഡാ' കോടതി മരണ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ജൂലായ് 17ന് ഈ വിവരം മേമനെ അറിയിച്ചു. ഇതിനിടയില്‍ മെയ് 12ന് മേമന്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തുകയായിരുന്നു.
No comments:
Post a Comment