Tuesday, June 21, 2016

നിന്റെ അച്ഛനാടാ പറയുന്നത്.. സത്യന്‍ അന്തിക്കാട്‌ Posted on: 20 Jun 2015/20 June, 2916 again published in Blog of mine.


നിന്റെ അച്ഛനാടാ പറയുന്നത്.. സത്യന്‍ അന്തിക്കാട്‌ Posted on: 20 Jun 2015
മലയാളസിനിമയില്‍ അച്ഛന്‍ സ്ഥാനത്ത് അഭിനയിച്ച്, നായകനായ മകനേക്കാള്‍ തിളങ്ങിയ ഒരേയൊരു നടനേ നമുക്കുള്ളൂ, അത് തിലകനാണ്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ , കിരീടം, ചെങ്കോല്‍ , സന്താനഗോപാലം, സന്ദേശം, സ്ഫടികം, മിന്നാരം, കിലുക്കം,ചിന്താവിഷ്ടയായ ശ്യാമള, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പെരുന്തച്ചന്‍ , സസ്‌നേഹം, അനിയത്തിപ്രാവ്, ചിന്താമണി കൊലക്കേസ് അങ്ങനെയങ്ങനെയൊരു പാട് സിനിമകളില്‍ അപ്പനായി തിളങ്ങിയ തിലകനെക്കുറിച്ച് സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു.
സിംഹത്തെപ്പോലെ ഗര്‍ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരു പാവം കുട്ടിയാണ് തിലകന്‍. കൂട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തി എന്ന് സ്വയം വിശ്വസിച്ച് ഏകാന്തതയുടെ വേറൊരു ലോകം നിര്‍മിച്ച് അതില്‍ തനിച്ചിരുന്ന് കലഹിക്കുന്ന കുട്ടി.
തനിച്ചായിരിക്കുമ്പോഴും ഈ മനുഷ്യന്‍ കലഹിച്ചുകൊണ്ടിരിക്കുന്നു. ഒരു പരുക്കന്റെ കവചമണിഞ്ഞ് നടക്കുകയും പിന്നീടത് അഴിച്ചുമാറ്റാനാവാത്ത ഭാരമായിത്തീരുകയും ചെയ്തതിന്റെ ചില വീര്‍പ്പുമുട്ടലുകളില്‍നിന്നാണ് തിലകന്റെ കലഹങ്ങള്‍ ഉണ്ടാകുന്നതെന്നു തോന്നാറുണ്ട്.
'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' വാങ്ങാം
അടുത്തടുത്ത് എന്ന സിനിമയിലൂടെയാണ് തിലകനുമായി ഞാനടുക്കുന്നത്. തിലകനും കരമന ജനാര്‍ദനന്‍നായരുമാണ് അതില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. തങ്കപ്പന്‍പിള്ള, അയ്യപ്പന്‍പിള്ള എന്നീ ആത്മമിത്രങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന്റെയും പിണക്കത്തിന്റെയും സംഭവങ്ങളാണ് ആ സിനിമ ചിത്രീകരിച്ചത്. മിത്രങ്ങള്‍ ശത്രുക്കളായപ്പോള്‍ സംഭവിക്കുന്ന സ്വാഭാവികമായ സംശയത്തിന്റെയും വെറുപ്പിന്റെയും അവസ്ഥകള്‍ തിലകനും കരമനയും തീവ്രമായ ഭാവത്തോടെ ഫലിപ്പിച്ചു. ഏലക്കച്ചവടവും മീന്‍കച്ചവടവും ചെയ്ത് തികച്ചും ഗ്രാമീണമായ ഒരു ചുറ്റുപാടില്‍നിന്ന് വലിയൊരു എക്‌സ്‌പോര്‍ട്ടിങ് കമ്പനി മുതലാളിമാരായിത്തീരുന്നതിന്റെ ഒരു ഘട്ടത്തില്‍ അവര്‍ തീവ്രമായി അകലുന്നതിന്റെ ആ കഥയ്ക്ക് അക്കാലത്ത് പുതുമയുണ്ടായിരുന്നു. കെ.ജി. ജോര്‍ജിന്റെ പടം കണ്ടിട്ടാണ് തിലകനെ അടുത്തടുത്ത് എന്ന സിനിമയിലേക്ക് പ്രധാനവേഷം ചെയ്യാന്‍ ക്ഷണിച്ചത്. കെ.ജി. ജോര്‍ജിന്റെ സിനിമകളില്‍ ഏറ്റവുമധികം അമ്പരപ്പിച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. കെ.ജി.ജോര്‍ജിന്റെ കോലങ്ങളിലെ തനി നാട്ടിന്‍പുറത്തുകാരനായ ആ കള്ളുകുടിയനെ ആര്‍ക്ക് മറക്കാന്‍ കഴിയും? യവനികയിലെ നാടകക്കമ്പനിയുടെ മാനേജര്‍, നാടകലോകവുമായി അടുത്തിടപഴകിയ ഒരാള്‍ക്കു മാത്രം കഴിയുന്ന തന്‍മയത്വത്തോടെയാണ് തിലകന്‍ അവതരിപ്പിച്ചത്. അടിസ്ഥാനപരമായി തിലകന്‍ ഒരു നാടകനടനാണ്. അഭിനയത്തിന്റെ ചിട്ടയായ പരിശീലനത്തിലൂടെ കടന്നുവന്ന ആള്‍. ഭാവാഭിനയത്തെ സ്വന്തം പിടിയില്‍നിന്ന് തെന്നിമാറാന്‍ തിലകന്‍ സമ്മതിക്കാറില്ല. കണ്ടശ്ശാംകടവില്‍ മണ്ണ് എന്ന നാടകത്തിലഭിനയിക്കാന്‍ തിലകന്‍ വന്നതിന്റെ ഓര്‍മ മനസ്സിലുണ്ട്. മണ്ണിലെ അഭിനയം കണ്ടിട്ട് ഞാന്‍ തരിച്ചിരുന്നുപോയിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമാ, കുടുംബപുരാണത്തിലെ ഡ്രൈവര്‍, നാടോടിക്കാറ്റിലെ അനന്തന്‍ മുതലാളി, സന്താനഗോപാലത്തിലെ ഫാക്ടറി ജീവനക്കാരന്‍ ഇങ്ങനെ ഇടത്തരം കുടുംബജീവിതത്തിലെ മുഖ്യവേഷങ്ങളുമായി ഏറെ താദാത്മ്യം പ്രാപിച്ചുകൊണ്ട് അഭിനയിക്കാന്‍ തിലകന് സാധിച്ചു. സ്റ്റേജില്‍നിന്ന് പല നടന്മാരും സിനിമയിലേക്കു വന്നിട്ടുണ്ട്. സ്റ്റേജിലെ അഭിനയത്തെക്കുറിച്ചും ക്യാമറയ്ക്കു മുന്നിലെ അഭിനയത്തെക്കുറിച്ചും വ്യക്തമായ ധാരണയോടെ സിനിമയിലേക്കു വന്ന നടന്‍ തിലകന്‍ മാത്രമാണ്. ചില നാടകനടന്‍മാര്‍ സിനിമയിലെത്തുമ്പോഴും നാടകത്തിനു മാത്രം ബാധകമായ അഭിനയശീലങ്ങള്‍ ഉപേക്ഷിക്കാറില്ല. നാടകത്തിന്റെ ഒരു ശീലവും തിലകന്‍ സിനിമയുടെ തട്ടകത്തിലേക്കു കൊണ്ടുവന്നില്ല. നടന്‍ ഈ രണ്ടു തലങ്ങളിലും വ്യത്യസ്തരാണെന്ന ബോധം തിലകനുണ്ട്. ജയറാമിന്,
അഭിനയത്തിന്റെ ആദ്യഘട്ടങ്ങളില്‍, സങ്കടം വരുന്ന സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു ദിവസം ജയറാമിനോട് തിലകന്‍ ഉപദേശിക്കുന്നത് ഞാന്‍ കേട്ടു. 'നമ്മള്‍ സ്‌ക്രീനില്‍നിന്ന് കരയരുത്. വിങ്ങിപ്പൊട്ടുന്ന ഭാവ
ത്തോടെ നില്ക്കണം. ആ ഭാവം കണ്ട് പ്രേക്ഷകര്‍ കരയണം. ഇത് വലിയൊരു അഭിനയപാഠമാണ്.' തിലകന്‍ ജയറാമിനു നല്കിയ ഈ ഉപദേശം സംവിധായകന്‍ എന്ന നിലയില്‍ എന്നെയും ഒരുപാട് സ്വാധീനിച്ചു. ചില രംഗങ്ങള്‍ പ്രേക്ഷകരിലാണ് പൂര്‍ണഭാവത്തോടെ ഫലപ്രാപ്തിയില്‍ എത്തേണ്ടത്. കിരീടത്തില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയഭാവം പ്രേക്ഷകര്‍ അനുഭവിക്കുന്നു. മലയാളസിനിമയിലെ ഭാവാഭിനയത്തിന്റെ മികച്ച ദൃഷ്ടാന്തമായി എടുത്തുകാട്ടാന്‍ ഉണ്ടാവുക തിലകന്റെ സിനിമകളായിരിക്കും.
സെറ്റില്‍ ഒരു പരുക്കന്‍ഭാവം തിലകന്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ഒരു തൂവല്‍സ്പര്‍ശം കൊണ്ടുമാത്രമേ ആ മനുഷ്യന്റെ ഹൃദയത്തെ നമുക്ക് വരുതിയിലാക്കാന്‍ കഴിയൂ. പരുക്കനായ ഈ നടനിലെ പച്ചമനുഷ്യന്‍ സ്‌നേഹത്തിനു മുന്നില്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മെരുങ്ങുന്നതായിട്ടാണ് എന്റെ അനുഭവം. ഒരു സംവിധായകനായിരിക്കുമ്പോഴും തിലകന്‍ എന്ന നടനോട് എനിക്ക് ആരാധനയാണ്. അഭിനയത്തിന്റെ അസാധാരണമായ ചില നിമിഷങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകാന്‍ തിലകന് നിഷ്പ്രയാസം സാധിക്കുന്നു എന്ന തിരിച്ചറിവില്‍നിന്നുണ്ടായ ആരാധനയാണത്. അതുകൊണ്ട് കലഹിക്കുന്നതിന്റെ ചെറിയ ലാഞ്ഛന കാണുമ്പോള്‍ത്തന്നെ സ്‌നേഹത്തിന്റെ ഭാഷയില്‍ അനുനയിപ്പിക്കാനുള്ള ശ്രമം ഞാന്‍ തുടങ്ങിയിരിക്കും. കാരണം, തിലകന്‍ അത്രമേല്‍ വ്യത്യസ്തനാണ്. വ്യത്യസ്തമായ എന്തും വിലപ്പെട്ടതാണ്.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തിലകന്‍ എന്ന നടനും കെ.പി.എ.സി. ലളിത എന്ന നടിയും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നില്ല. സാധാരണ ഒരു നടിയോ നടനോ മാത്രമല്ല അവര്‍. ക്യാമറയ്ക്കു മുന്നില്‍ നില്ക്കുമ്പോള്‍ സംവിധായകന് ആത്മവിശ്വാസം പകരുന്ന ഒരു കരുത്ത് അവര്‍ പകര്‍ന്നുനല്കാറുണ്ട്. നടന്‍മാരില്‍നിന്ന് സംവിധായകരിലേക്ക് അങ്ങനെയൊരു ഊര്‍ജപ്രവാഹമുണ്ടാകാറുണ്ട്. ചിത്രീകരണഘട്ടത്തില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ തിലകന്‍ രോഗത്തിന്റെ പിടിയിലായിരുന്നു. എന്നാല്‍, താനൊരു രോഗിയാണെന്ന ബോധം അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ തിലകന്‍ പ്രകടിപ്പിച്ചില്ല. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ രോഗത്തിന്റെ വേദന മറക്കാന്‍ തിലകന്‍ അല്പം മദ്യപിക്കുമായിരുന്നു. ഇതറിഞ്ഞ ഞാന്‍ സെറ്റിലേക്കു പുറപ്പെടുമ്പോള്‍ ആദ്യം തിലകന്റെ മുറിയിലേക്കു പോകും. തിലകനെ വിളിച്ചെഴുന്നേല്പ്പിച്ച്, പല്ലുതേപ്പിച്ച് എന്നോടൊപ്പംതന്നെ സെറ്റിലേക്ക് കൊണ്ടുപോകും.
തനിച്ചിരുന്ന് മദ്യപിച്ചു വരികയാണെങ്കില്‍ രംഗങ്ങള്‍ അവതാളത്തിലാക്കിയേക്കുമോ എന്ന ഭയം കാരണമാണ് ഞാന്‍ അങ്ങനെ ചെയ്തത്. എന്നാല്‍ ഉച്ചയ്ക്ക് ഒരു പെഗ് കഴിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനു നല്കിയിരുന്നു.
അറിഞ്ഞുകൊണ്ട് ആരെങ്കിലും കബളിപ്പിക്കുന്നത് തിലകന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. കുടുംബപുരാണത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഷൊര്‍ണൂര്‍ മൂള്ളൂര്‍ക്കര എന്ന സ്ഥലത്തുവെച്ച്. സിനിമയ്ക്ക് വൈകിമാത്രം പേരിടുന്ന ഒരു ശീലക്കാരനാണ് ഞാന്‍. ചിത്രീകരണത്തിന്റെ ഒരു സ്റ്റേജ് കഴിയുമ്പോള്‍ പരസ്യമായ ഒരു ചര്‍ച്ച പേരിനെക്കുറിച്ച് സെറ്റില്‍ നടക്കും. ഓരോരുത്തരും ഓരോ പേരുമായി സെറ്റിലേക്കു വരും. അതില്‍ തിലകനും ഒരു പേര് നിര്‍ദേശിച്ചു. 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്' എന്നതായിരുന്നു തിലകന്‍ പറഞ്ഞ പേര്. ഈ പേര് അപ്പോള്‍ത്തന്നെ ഞാന്‍ ശ്രീനിവാസന് കൈമാറി. ശ്രീനിവാസന്‍ തിലകനെ ഫോണ്‍ ചെയ്തു പറഞ്ഞു:
'സത്യനെ വിളിച്ചിട്ടു കിട്ടുന്നില്ല. സത്യനോട് പറയണം, ഞാനൊരു നല്ല പേര് കണ്ടുവെച്ചിട്ടുണ്ട് 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്'. തിലകന്‍ ഫോണ്‍ വെച്ചു. ലൊക്കേഷനിലെത്തിയ തിലകന്റെ മട്ടുമാറിയിരുന്നു. താന്‍ മൗലികമായി കണ്ടുപിടിച്ച സിനിമാപ്പേര്
ശ്രീനിവാസന്‍ അടിച്ചെടുത്തു എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. ശ്രീനിവാസന്‍ തിലകനെ വട്ടംകറക്കുകയായിരുന്നു എന്ന്
തിരിച്ചറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ശ്രീനിവാസനും തിലകനുമായി നടന്ന ഈ പേരിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം ഞാന്‍ ദൂരെനിന്ന് നോക്കിക്കണ്ടു. ഇതൊരു ഡബിള്‍ പ്ലേ നടത്തിയതാണ് എന്ന് അന്ന് വൈകുന്നേരംവരെ തിലകന്‍ ചേട്ടന് മനസ്സിലായി
രുന്നില്ല.
നല്ലൊരു വായനക്കാരനാണ് തിലകന്‍. അതുകൊണ്ട് എഴുത്തുകാരോടാണ് സിനിമാക്കാരേക്കാള്‍ ആരാധന. തിലകന്‍വഴിയാണ്
ലോഹിതദാസ് സിനിമയിലേക്കു വരുന്നത്. ലോഹിതദാസിന്റെ നാടകസ്‌ക്രിപ്റ്റുകളുടെ ശക്തി തിരിച്ചറിഞ്ഞ തിലകന്‍ സിനിമയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു. നമ്മള്‍ തള്ളിക്കളയുമായിരുന്ന പലരേയും തിലകന്‍ ക്ഷമാപൂര്‍വം കേള്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
'ജീവിതം ഒരു നാടകം' എന്നത് തിലകനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അടിമുടി നാടകീയത നിറഞ്ഞതാണ് ആ ജീവിതം. കുടുംബജീവിതം നയിക്കുമ്പോഴും സാമ്പ്രദായികമായ കുടുംബസങ്കല്പങ്ങളെ തിലകന്‍ ദൂരെ നിര്‍ത്തുന്നു.
തിലകന്റെ ജീവിതത്തിന്റെ സംവിധാനവും അതിലെ പ്രധാന നടനും തിലകന്‍തന്നെയാണ്.
ഏതു സംവിധായകന്റെ സിനിമയിലും തികച്ചും ആത്മാര്‍ഥമായി അഭിനയിക്കുന്ന ശീലം തിലകനുണ്ട്. താന്‍ അഭിനയിക്കുന്ന സിനിമ റിലീസാകുമോ ഇല്ലയോ എന്നുപോലും ഈ നടന്‍ നോക്കാറില്ല. ഒരിക്കല്‍ തിലകന്‍ എന്നോട് പറഞ്ഞു: 'ദേവരാജന്‍ മാഷിന്റെ മാനറിസങ്ങള്‍ ഞാനൊരു കഥാപാത്രത്തിന് പകര്‍ന്നിട്ടുണ്ട്. പക്ഷേ, ആ സിനിമ റിലീസായില്ല.' തുടര്‍ന്ന് തിലകന്‍ ആ കഥാപാത്രത്തെ എങ്ങനെയാണ് അവതരിപ്പിച്ചത് എന്ന് എനിക്കു മുന്നില്‍ അഭിനയിച്ചു. അദ്ഭുതകരമായിരുന്നു ആ അഭിനയം. ഏതോ ഒരു പുതുമുഖസംവിധായകന്റെ റിലീസാകാത്ത സിനിമയില്‍ തിലകന്റെ ദേവരാജഭാവം ഉറങ്ങിക്കിടക്കുന്നു.
മലയാളിയുടെ ഓര്‍മയില്‍നിന്ന് തുടച്ചുകളയാനാവാത്ത ഒരു കഥയാണ് പെരുന്തച്ചന്‍േറത്. ആധുനികോത്തര കഥകളിലൂടെയും കാലത്തിലൂടെയും നാം കടന്നുപോകുമ്പോഴും നമ്മുടെ ബോധം ഗ്രാമ്യമായ ആ നാടോടിക്കഥയിലേക്ക് പല സന്ദര്‍ഭങ്ങളിലും തിരിച്ചുപോകാറുണ്ട്. ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ആളുകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് 'പ്രൊഫഷണല്‍ ജലസി'. നിങ്ങള്‍ കര്‍മനിരതനാണെങ്കില്‍ സംശയമില്ല, ശത്രുക്കളുടെ എണ്ണം കൂടുതലായിരിക്കും. അടിസ്ഥാനപരമായ മനുഷ്യവാസന സംശയത്തിന്റെയും വിദ്വേഷത്തിന്റെയും ചുറ്റുമാണ് വെറുതെയെങ്കിലും കറങ്ങിക്കൊണ്ടിരിക്കുന്നത്. അകാരണമായ അസൂയ, വെറുപ്പ്, സുഹൃത്തോ മകനോ തന്റെ ശത്രുവാണെന്ന ബോധം - ഇത്തരം നിഷേധവാസനകളെ ഏറ്റവും ഫലപ്രദമായി ആവാഹിച്ച ആ ഗ്രാമകഥയിലെ നായകനായി തിലകന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. കാഴ്ചയ്ക്കപ്പുറത്ത് ആ പെരുന്തച്ചന്‍ നമ്മോടൊപ്പമുണ്ട്. പേശീബലമുള്ള, ദൃഢഭാവമുള്ള ഒരു പരുക്കന്‍ തച്ചന്‍. ഉള്ളിലെവിടെയോ നിറയുന്ന സ്‌നേഹത്തിന്റെ മൂര്‍ത്തത ആ ഭാവത്തില്‍ പ്രേക്ഷകനു തിരിച്ചറിയാനുമാവുന്നുണ്ട്. പെരുന്തച്ചന്‍ എന്ന ഗ്രാമകഥയുടെ പാഠഭേദമാണ് എം.ടി.യുടെ സിനിമ. ഭീമനും ചന്തുവിനും എം.ടി. സ്വന്തം ഭാവനയുടെ വാക്കും ഭാവവുമാണ് നല്കിയത്. പെരുന്തച്ചന്‍ എം.ടി.യുടെ തച്ചനാണ്. പക്ഷേ, തിലകന്‍, ഗ്രാമകഥയിലെ പെരുന്തച്ചനും.
മറക്കാനാവാത്ത മറ്റൊരു ഓര്‍മ: നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമയില്‍ തിലകന്‍ ഒരു ചിത്രം ചുവരില്‍നിന്ന് പറിച്ച് മാറ്റുമ്പോള്‍ ശാരിയിലേക്കൊരു നോട്ടമുണ്ട്. ആ നോട്ടം പതിഞ്ഞത് ക്യാമറയിലല്ല; പ്രേക്ഷകന്റെ മനസ്സിലാണ്.
മൂന്നാംപക്കത്തില്‍ പേരക്കുട്ടിയുടെ ബലിതര്‍പ്പണത്തിനായി മുത്തച്ഛന്‍ കടലിലിറങ്ങുകയാണ്. ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ തിലകന്‍ പത്മരാജനോട് പറഞ്ഞുവത്രെ: 'പത്മരാജന്‍, ഞാന്‍ കടലിലേക്കു പോവുകയാണ്. തിരിച്ചുവരണം എന്ന ആഗ്രഹം എനിക്കില്ല. എന്റെ എല്ലാമായ പേരക്കിടാവാണല്ലോ എനിക്ക് നഷ്ടപ്പെട്ടത്. ഞാന്‍ തിരിച്ചുവരേണ്ടത് നിങ്ങളുടെ ആഗ്രഹമാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് വേണ്ടതുചെയ്യാം...' പത്മരാജന്‍ തിലകന്റെ മുഖത്തു നോക്കി. കടലില്‍നിന്ന് തിരിച്ചുവരാനാഗ്രഹിക്കാത്ത ഒരു മുത്തച്ഛന്റെ ഭാവം ആ മുഖത്ത് ഉണ്ടായിരുന്നതായി പത്മരാജന്‍ പറഞ്ഞു. കടലിലേക്ക് മുത്തച്ഛന്‍ കാലെടുത്തുവെക്കുമ്പോള്‍ പത്മരാജന്റെ മനസ്സ് പതറി. ദൈവമേ, തിലകന് ഒന്നും സംഭവിക്കരുതേ!
ആ പ്രാര്‍ഥന ഇപ്പോഴുമുണ്ട്. തിലകനെ സ്‌നേഹിക്കുന്ന പ്രേക്ഷകരും സംവിധായകരും ഒരുപോലെ ആഗ്രഹിക്കുന്നു. കലഹത്തിന്റെയും പിണക്കത്തിന്റെയും കടലില്‍നിന്ന് തിലകന്‍ തിരിച്ചുകയറണം. ഒരു നായര്‍ലോബി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് തിലകന്‍ പറയുന്നുണ്ടല്ലോ. അത് അവാസ്തവികമായ ഒരു പ്രസ്താവനയായിട്ടാണ് എനിക്കു തോന്നുന്നത്. നെഞ്ചില്‍ കൈവെച്ചുകൊണ്ട് ഞാന്‍ പറയുന്നു. തിലകന്‍ചേട്ടന്‍ സിനിമയിലേക്ക് സജീവമായി തിരിച്ചുവരണം. അതിന് തടസ്സം നില്ക്കുന്ന ഒരാളും ഇന്ന് മലയാളസിനിമയില്‍ പ്രവര്‍ത്തിക്കുന്നില്ല. കാരണം, മലയാളസിനിമ തിലകനെ അത്രമേല്‍ സ്‌നേഹിക്കുന്നു. കിലുക്കത്തിലെ മുന്‍കോപിയായ ആ മനുഷ്യനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, പെരുന്തച്ചനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, മൂന്നാംപക്കത്തിലെ മുത്തച്ഛനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, ഓര്‍മയുടെ ഖനിയില്‍ എല്ലാ കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ തിലകനെ കാത്തിരിക്കുന്നുണ്ട്.
കാലം തിലകനെ തിരിച്ചുവിളിക്കുന്നു.
(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം

No comments:

Post a Comment