Friday, July 22, 2016

ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മ മാത്രമായി..

ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മ മാത്രമായി... അത് കൊണ്ട് തന്നെ അമ്മയും ഞാനും നാളുകളായി എന്റെ ജോലി സ്ഥലത്തായിരുന്നു.. ഇപ്പോൾ അമ്മയും ഒരു ഓർമ്മ മാത്രമായിട്ട് രണ്ടു വർഷം തികഞ്ഞു.. ഈ കൊല്ലത്തെ ശ്രാദ്ധത്തിന് വന്നപ്പോഴാണ് ചേച്ചി വിവാഹം കഴിക്കാനായി എന്നെ നിർബന്ധിച്ചത്.. " നീ വിവാഹം കഴിക്കാൻ നോക്ക് എത്ര കാലമാണ് ഇങ്ങനെ ഒറ്റക്ക് ജീവിക്കുക " ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരു കൂട്ട് വേണമെന്ന് എനിക്കും തോന്നി....
അന്ന് ഞാനും കൂട്ടുകാരനും കൂടിയാണ് എന്റെ ആദ്യ പെണ്ണ് കാണൽ ചടങ്ങിന് പോയത്... ഒരു പഴയ തറവാട് വീട്.. അച്ഛനും അമ്മയ്ക്കും രണ്ടു പെൺ മക്കൾ ആണ്... അതിലെ മൂത്ത പെൺകുട്ടി ഡിഗ്രിക്ക് പഠിക്കുന്നു പേര് ആര്യ.. അച്ഛൻ സ്കൂൾ മാഷായിരുന്നു, വിരമിച്ചു .ഇപ്പോൾ വീട്ടിൽ തന്നെയാണ്. .. ആ വീടും വീട്ടുകാരും ചുറ്റുപാടും എല്ലാറ്റിനും ഉപരി കുട്ടിയെയും എനിക്ക് ഇഷ്ടമായി...
പിന്നീട് എല്ലാം പെട്ടന്നായിരുന്നു ചേച്ചിയും അളിയനും വന്നുകണ്ടു കാര്യങ്ങൾ എല്ലാം സംസാരിച്ചു എല്ലാവർക്കും ഇഷ്ടമായി.. അങ്ങനെ ഞങ്ങളുടെ മോതിരമാറ്റവും നടന്നു... ഇനി വിവാഹത്തിന് വെറും എണ്ണപ്പെട്ടനാളുകൾ മാത്രം... അന്ന് എന്റെ ഫോണിൽ അവളുടെ ഒരു കാൾ വന്നു അത്യാവശ്യമായി ഒന്ന് കാണണം ചിലത് സംസാരിക്കാനുണ്ടെന്നും അവൾ പറഞ്ഞു...
ഞാൻ ഒരു ചെറുപുഞ്ചിരിയോടെയാണ് ചെന്നതെങ്കിലും അവളുടെ മുഖത്തെ ഗൗരവ ഭാവം കണ്ടപ്പോൾ ഇനി ഇവൾക്ക് വല്ല പ്രണയമോ മറ്റോ ഉണ്ടോ എന്ന് ചിന്തിച്ചു... ഞങ്ങൾ അവിടെ ഇരുന്നു.'' അവൾ പറഞ്ഞു തുടങ്ങി...
"എനിക്ക് വേണ്ടത് എന്നെ മനസ്സറിഞ്ഞു സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്ന ഒരു ഭർത്താവിനെയാണ്... എന്നാൽ താങ്കളുടെ കാര്യത്തിൽ എനിക്ക് എന്റെ അച്ഛൻ വിലക്ക് വാങ്ങി തരുന്ന ഒരു കളിപ്പാട്ടമായിട്ടാണ് തോന്നുന്നത്... കണ്ടപ്പോഴും പരിചയപ്പെട്ടപ്പോഴും ഒരു മാന്യനാണെന്നാണ് ഞാൻ കരുതിയത്... സ്ത്രിധനം വേണമെങ്കിൽ നേരിട്ട് പറയാമായിരുന്നു.. ചേച്ചിയെയും അളിയനെയും പറഞ്ഞ് അയക്കണമായിരുന്നോ...!!
സത്യത്തിൽ എനിക്ക് ഒന്നും മനസിലായില്ല...
"നീ ഒന്ന് തെളിയിച്ചു പറ എനിക്ക് ഒന്നും മനസിലായില്ല " വളരെ ജ്ഞാസയോടു കൂടി ഞാനവളെ നോക്കി...
എന്നെ പെണ്ണുകാണാൻ വന്നു പോയതിനു ശേഷം നിങ്ങളുടെ പെങ്ങളും അളിയനും നിങ്ങളെ എനിക്ക് വിൽക്കാനുള്ള കച്ചവടം ഉറപ്പിച്ചിട്ടാണ് പോയത്.. സ്ത്രീധനം എന്ന കച്ചവടം... പക്ഷേ ഈ കഥയൊന്നും അച്ഛൻ എന്നോട് പറഞ്ഞിരുന്നില്ല... രണ്ടു ദിവസമായി തളർന്നിരിക്കുന്ന അച്ഛനോട് കാരണം ചോദിച്ചപ്പോഴാണ് ഞാൻ ഇതെല്ലാം അറിഞ്ഞത്.. നിങ്ങൾക്ക് തരാനുള്ള പണത്തിന് വേണ്ടി ബാങ്കിൽ കൊടുത്ത ലോൺ ശരിയാകാത്തതു കൊണ്ട് പലരോടും കടം ചോദിച്ചെങ്കിലും ഒന്നും ശരിയായില്ല.. അവസാനമാണ് നിങ്ങളുടെ ചേച്ചിയോട് ഒരു അവധി ചോദിച്ചത്. പണം കിട്ടിയില്ലെങ്കിൽ വിവാഹം നടക്കില്ല എന്ന് അവർ തറപ്പിച്ചു പറഞ്ഞു... എനിക്ക് ഇങ്ങനെ ഒരു വിവാഹം വേണ്ട.. താലിയുടെ മഹത്വം അറിയാത്ത ആളുടെ മുന്നിൽ കഴുത്ത് നീട്ടി തരാൻ എനിക്ക് മനസില്ല... പണം കൊടുത്തു വാങ്ങുന്ന ഒരു ഭർത്താവിനെ വേണ്ട എന്ന് അച്ഛനോട് പറഞ്ഞിട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്... ഇതെല്ലാം പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.'' അച്ഛനോടുള്ള അവളുടെ സ്നേഹത്തെ ഞാൻ തിരിച്ചറിഞ്ഞു.. കുടുംബത്തിനു വേണ്ടി ഒരു ജീവിതം വേണ്ടെന്ന് വച്ച അവളിലെ നന്മ എന്നെ അത്ഭുതപ്പെടുത്തി.'' മോതിരവിരലിൽ ഞാൻ അണിയിച്ച എന്റെ പ്രണയ സമ്മാനം തിരിച്ചു നൽകി അവൾ നടന്നകന്നു...
ഞാനിട്ട മോതിരം വലിച്ചൂരി തിരിച്ചു തന്നത് കണ്ട് കവിളിൽ ഒന്ന് പൊട്ടിക്കാനാണ് ആദ്യം തോന്നിയത്... പിന്നെ പറഞ്ഞതെല്ലാം കാര്യമാണെന്ന് തോന്നിയത് കൊണ്ട് മനസിൽ അവളോടൊരു ബഹുമാനം തോന്നി.. വീട്ടിൽ ചെന്ന് കാര്യം തിരക്കിയപ്പോൾ ചേച്ചിയുടെ മുഖത്തെ മൗനത്തിൽ നിന്നും എനിക്ക് എല്ലാം വ്യക്തമായി...
ഞാൻ നിന്റെ നല്ലതിന് വേണ്ടിയാണ് ചെയ്തത് എന്ന് ചേച്ചി പറഞ്ഞപ്പോൾ മറുപടിയായി ഞാൻ ഇത്രമാത്രം പറഞ്ഞു...
നിനക്ക് ഓർമ്മയുണ്ടോ എന്ന് എനിക്ക് അറിയില്ല.. നിന്റെ വിവാഹത്തിന് സ്ത്രീധനം കൊടുക്കാനില്ലാതെ ഞാൻ പലരോടും പണം കടം ചോദിച്ചു.. ബാങ്ക് ലോൺ പോലും ശരിയായില്ല.. നിന്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ വീട്ടിലുള്ളവരുടെ ഇഷ്ടത്തിനെ വിവാഹം നടക്കു എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്: '.. അന്ന് എന്റെ നെഞ്ച് പിടഞ്ഞത് ആരും കണ്ടിരുന്നില്ല.. പിന്നീട് പലിശക്ക് പണം കടമെടുത്താണ് ഞാൻ നിന്റെ വിവാഹം നടത്തിയത്... അന്ന് ഞാൻ ഒത്തിരി ശപിച്ചിട്ടുണ്ട് സ്ത്രീധനം എന്ന നശിച്ച ഏർപ്പാടിനെ... എന്നിട്ട് ആ ഞാൻ തന്നെ ഇങ്ങനെ ചെയ്താൽ !... എനിക്ക് കഴിയില്ല...
വിവാഹം കഴിച്ചാൽ ഒരു പെൺകുട്ടിയെ സംരക്ഷിക്കാൻ സ്ത്രിധനത്തിന്റെ ആവശ്യമില്ല.. നിവർന്നു നിൽക്കുന്ന ഒരു നട്ടെല്ല് മതി... എന്ത് വന്നാലും ജീവിക്കും എന്ന ഒരു മനസ്സും മതി... ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനോട് ഒരു ഇഷ്ടം തോന്നണമെങ്കിൽ ആ മനസ്സറിയണം അതിനോട് ഒരു ബഹുമാനം വേണം... ഞാൻ അവരുടെ വീട്ടിൽ പോവുകയാണ് എനിക്ക് ഒരു നുള്ള് പൊന്നോ പണമോ മണ്ണോ വേണ്ട പെണ്ണിനെ മാത്രം മതി.. അവളെ പൊന്നു പോലെ നോക്കാം എന്നൊരു തന്റേടമുണ്ട് എനിക്ക്...
ഞാനാ വീട്ടിൽ ചെന്ന് അവളുടെ അച്ഛനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.. അവളോട് ഒന്ന് സംസാരിക്കണം എന്നു പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ സമ്മതിച്ചു...
നീ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷേ ഒന്ന് മാത്രം നിനക്ക് തെറ്റി ഇതൊന്നും എന്റെ അറിവോടെയല്ല നടന്നത്.. ഞാൻ കെട്ടുന്ന പെണ്ണിനെ നോക്കാൻ എനിക്ക് സ്ത്രീധനത്തിന്റെ ആവശ്യമില്ല.. അത്ര പണക്കാരനൊന്നും അല്ലെങ്കിലും ജോലിക്ക് പോയി ഒരു പെണ്ണിനെ പോറ്റാം എന്നൊരു തന്റേടം എനിക്ക് ഉണ്ട്... ഈ മോതിരം ഞാൻ ഇവിടെ വയ്ക്കുകയാണ്.. അത് അണിഞ്ഞു തന്നത് എന്റെ സ്നേഹ സമ്മാനമായാണ്.. വിവാഹത്തിന് സമ്മതമാണെങ്കിൽ ഇത് വിരലിലിടാം അല്ല എങ്കിൽ തനിക്ക് എന്റെ വകയുള്ള വിവാഹ സമ്മാനമായി കരുതാം... അത്രയും പറഞ്ഞ് ഞാൻ ആ പടിയിറങ്ങി...
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കാൾ വന്നു...ക്ഷമിക്കണം ഞാൻ അറിഞ്ഞിരുന്നില്ല എന്നൊരു ക്ഷമാപണവും, മോതിരം വിരലിടാൻ താത്പര്യമാണെന്നും പറഞ്ഞു...
വിവാഹം കഴിഞ്ഞാൽ ഞാൻ ചെയ്യാൻ വിട്ടുപോയ ഒരു കാര്യം കൂടിയുണ്ട്.. ഞാൻ നിന്റെ വിരലിൽ അണിഞ്ഞ മോതിരം ഊരി തന്നതിന് നിന്റെ കവിളിൽ ഒന്ന് പൊട്ടിക്കണം എന്ന മോഹം അതാകും ഞാൻ ആദ്യം നിനക്ക് നൽകുന്ന സമ്മാനവും...
ഇത് പറഞ്ഞതും ഫോണിൽ അവളുടെ ചിരി എനിക്ക് കേൾക്കാമായിരുന്നു....

No comments:

Post a Comment