Sunday, July 17, 2016

ഒരു രാമായണമാസംകൂടി പുലരുന്നു.

ഒരു രാമായണമാസംകൂടി പുലരുന്നു. ഇതൊരു മഹാസൗഭാഗ്യം. ഹരിയെയും ശ്രീയെയും ഗണനായകനെയും ഗുരുപരമ്പരയെയും നന്ദിപൂർവം നമിക്കാം. ഇവരെല്ലാം ഒരേ ഏകകത്തിന്റെ വിവിധമുഖങ്ങളാണെന്ന്‌ പാഠമാക്കിത്തന്നതിനു പുറമേ, ഏതു ഭാഷയും എഴുതാനും എഴുതുംപടി ഉച്ചരിക്കാനും കെല്പുറ്റ അക്ഷരമാലയും അതു വശമാക്കാൻ പാഠ്യപദ്ധതിയും ഏതാശയവും ഉൾക്കൊള്ളാനാവുന്ന ഭാഷയും അതു ശീലിക്കാൻ കാവ്യങ്ങൾനൽകി അനുഗ്രഹിക്കുകയുംചെയ്ത പ്രാതസ്മരണീയനെ നമസ്കരിക്കുകയുമാവാം.
നാം സുകൃതികളാണ്‌. കേരളീയതയെ അനന്യമാക്കുന്ന കാര്യങ്ങളിൽ പ്രമുഖമായ ഒന്ന്‌, നരകത്തെ സ്വർഗമാക്കാൻ പണ്ടേ ശീലിച്ചെന്നതാണ്‌. ഇല്ലായ്മകൊണ്ടും വല്ലായ്മകൊണ്ടും പ്രതികൂല കാലാവസ്ഥകൊണ്ടും ചീത്തപ്പേരുനേടിയ കർക്കടകത്തെ പുനരുജ്ജീവനത്തിന്റെയും ആത്മനവീകരണത്തിന്റെയും കാലമാക്കിമാറ്റിയല്ലോ. ചവിട്ടിയുഴിഞ്ഞും മരുന്നുകഞ്ഞി (മുക്തി അഥവാ ‘മുക്‌ടി’) കഴിച്ചും ആവശ്യമെങ്കിൽ പഞ്ചകർമംവരെ ചെയ്തും ശരീരത്തെയും പരമപ്രേമത്തിന്റെ ഉദ്‌ഗാനാമൃതംകൊണ്ട്‌ കായകല്പംചെയ്ത്‌ ജീവനെയും ആണ്ടുതോറും ശുശ്രൂഷിക്കുന്നു.
ഒരു കാവ്യത്തിന്റെ അനുശീലനംകൊണ്ട്‌ വർഷംതോറും ഒരു നിശ്ചിതകാലത്ത്‌ സാംസ്കാരികമായ ഉയിർപ്പ്‌ ശീലമാക്കിയ മറ്റൊരു ജനസമൂഹവും ലോകത്ത്‌ വേറെയില്ല. ഇന്ത്യയിൽത്തന്നെ ഭക്തിപ്രസ്ഥാനം എല്ലായിടത്തുമുണ്ടായെങ്കിലും ഇങ്ങനെ ഒരു പതിവ്‌ വേറെയെങ്ങുമില്ല.

No comments:

Post a Comment