Tuesday, August 18, 2015

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം - കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. യഥാർഥത്തിൽ ഇത് "മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്രം" ആൺ. ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായ മുഖ്യവിഗ്രഹം ശിവന്റേതാണ്. എന്നിരുന്നാലും ഉപദേവനായിരുന്ന ഗണപതിയുടെ പേരിൽ ആണു ദേവാലയത്തിന്റെ പ്രശസ്തി.
ഐതിഹ്യം
കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ്‌ പ്രധാനം. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻ‌കര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലായിരുന്നു.
പടിഞ്ഞാറ്റിൻ‌കരക്ഷേത്രത്തിന്റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്റെ അപേക്ഷ നിരസിച്ചു. ഇവിടെ ശിവനെയാണ് പ്രതിഷ്ഠിയ്ക്കേണ്ടതെന്നും ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് ദഀശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ്‌ ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?" "കൂട്ടപ്പം" പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ്‌ പ്രശസ്തം.
പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചൻ പോയി. ഗണപതിവിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ്‌ എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിൻ അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാർഥങ്ങളിൽ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനൽകിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതൻ വലഞ്ഞു. ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ (ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കാൻ തുടങ്ങി. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യമാണ്‌ ഉണ്ണിയപ്പം.
ഇതേ ഐതിഹ്യം തന്നെ ചെറിയൊരു വ്യത്യാസത്തോടെയും നിലവിലുണ്ട്. അത് ഇപ്രകാരമാൺ. കിഴക്കേക്കര ശിവക്ഷേത്രത്തിന്റെ നിർമ്മാണച്ചുമതല പെരുന്തച്ചനായിരുന്നു. പ്ലാന്തടിയിൽ താൻ നിർമിച്ച ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിക്കണമെന്ന് മുഖ്യപുരോഹിതനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പുരോഹിതൻ ഇവിടെ ശിവനെയാണ്‌ പ്രതിഷ്ഠിക്കേണ്ടതെന്നും വേണമെങ്കിൽ ഉപദേവനായി ഗണപതിയെ പ്രതിഷ്ഠിയ്ക്കാമെന്നും പറയുകയും ചെയ്തു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഗണപതിയെ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രം ഇനി ഈ മകന്റെ പേരിൽ അറിയപ്പെടുമെന്ന് പെരുന്തച്ചൻ പറഞ്ഞു. അതുതന്നെ നടക്കുകയും ചെയ്തു.


No comments:

Post a Comment